29 Sep 2023 7:06 AM GMT
Summary
- സെപ്തംബര്‍ 30ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.
- മേളയില്‍ ട്രാവല്‍ ട്രേഡ് എക്‌സിബിഷനില്‍ ഇരുന്നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്.
- ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ന് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ എക്‌സ്‌പോയില്‍ പങ്കെടുക്കാം.
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതുമാതൃകകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ ട്രാവല്‍ ട്രേഡ് എക്‌സിബിഷനില്‍ ഇരുന്നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്റെ സംസ്‌കാരം, ഭൂപ്രകൃതി, പൈതൃകം, പാചകരീതി എന്നിവ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ക്ക് പുറമെ ആയോധന കലകളും കരകൗശല വസ്തുക്കളും നിറയുന്ന സ്റ്റാളുകളും എക്‌സ്‌പോയിലുണ്ട്.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും എക്‌സ്‌പോയുടെ ഭാഗമായുണ്ട്. ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.
എക്‌സ്‌പോയിലെ ജമ്മു കാശ്മീരിന്റെ സ്റ്റാള്‍
ജമ്മു കാശ്മീരിലെ ട്രാവല്‍-ടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള മൂന്ന് സ്റ്റാളുകള്‍, ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അനായാസമാക്കുന്ന നോയിഡ ആസ്ഥാനമായുള്ള ഹലോ ജിടിഎക്‌സിന്റെ സ്റ്റാള്‍, കൊച്ചി ആസ്ഥാനമായുള്ള 'ടിഎന്‍ടിഇവി' സ്റ്റാര്‍ട്ടപ്പിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സുഗമമാക്കുന്നതിന് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഓഫീസുകള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഉപകരണം എന്നിവയെല്ലാം മേളയിലെ ആകര്‍ഷണങ്ങളാണ്. എക്‌സ്‌പോ അവസാനിക്കുന്ന സെപ്തംബര്‍ 30 ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ന് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ എക്‌സ്‌പോയില്‍ പങ്കെടുക്കാം.
സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ്‌കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ചേഴ്‌സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്‌സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും 600ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100ലധികം കോര്‍പ്പറേറ്റ് ബയേഴ്‌സും എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.