29 Sep 2023 7:59 AM GMT
Summary
- വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രി.
തിരുവനന്തപരും:വിനോദ സഞ്ചാര വ്യവസായം സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം നല്‍കാന്‍ സാധ്യതയുള്ള മേഖലയാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള നൂനത ഉത്പന്നങ്ങള്‍ കൊണ്ടുവരണമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ എക്‌സപോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്റെ വ്യാപ്തി ഇതിനകം ഉയര്‍ന്ന തോതില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ കേരള ടൂറിസത്തെ ആഗോള തലത്തില്‍ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത മന്ത്രി. ജിടിഎം പോലുള്ള എക്സ്പോകളും ട്രാവല്‍ മാര്‍ക്കറ്റുകളും ഈ മേഖലയിലെ നെറ്റ്വര്‍ക്കിംഗ് മികച്ചതാക്കാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
കോവിഡിനു ശേഷം യാത്ര നിരക്കില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ വരവില്‍ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കേരളം പോലുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറാകുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, കോപ്പര്‍ പ്ലേറ്റ് സര്‍ക്യൂട്ടിനെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നീ രണ്ട് ഉദ്ദേശ്യങ്ങളോടെ ഈ ആഴ്ച്ച ആദ്യം മധുരയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലിയെ സ്വീകരിച്ച് ജിടിഎം സിഇഒ സജി നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) പ്രസിഡന്റ് ജോസ് പ്രദീപ്, എസ്‌കെഎച്ച്എഫ് പ്രസിഡന്റ് സുധീഷ് കുമാര്‍, ഉദയ് സമുദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ജിടിഎം ജനറല്‍ കണ്‍വീനറും ചീഫ് കോര്‍ഡിനേറ്ററുമായ പ്രസാദ് മഞ്ഞളി, ടിസിസിഐ പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, കെടിഡിഎ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.