image

11 Oct 2024 11:23 AM GMT

Travel & Tourism

പോകാം വാ​ഗമണ്ണിലേക്ക്.. ചില്ലുപാലത്തിലൂടെ ത്രില്ലടിച്ച് നടക്കാം

MyFin Desk

പോകാം വാ​ഗമണ്ണിലേക്ക്.. ചില്ലുപാലത്തിലൂടെ ത്രില്ലടിച്ച് നടക്കാം
X

വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നാൽപത് അടി നീളത്തിലും നൂറ്റിയമ്പത്‌ അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു. കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്. ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.