image

1 Oct 2023 8:15 AM GMT

Travel & Tourism

അനുഭവവേദ്യ, ആരോഗ്യ, പൈതൃക മേഖലകള്‍ക്ക് ഊന്നല്‍; ജിടിഎമ്മിന് സമാപനം

Sandeep P S

emphasis on experiential, health and heritage areas conclusion to gtm
X

Summary

  • 24 രാജ്യങ്ങളില്‍ നിന്നും 20 ലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ജിടിഎമ്മിന് എത്തി
  • കോര്‍പ്പറേറ്റ് നെറ്റ്‍വര്‍ക്കിംഗ് സെഷനുകളില്‍ 45 കമ്പനി പ്രതിനിധികളുമായി ചര്‍ച്ച


അനുഭവവേദ്യ, ആരോഗ്യ, പൈതൃക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ആയ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പിന് സമാപനം. ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യംവഹിച്ചു.

സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസവും മറ്റു വ്യവസായങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ നടന്ന സമ്മേളനം ഊന്നല്‍ നല്‍കി. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിച്ചത്.

വിപുലമായ പങ്കാളിത്തം

24 രാജ്യങ്ങളില്‍ നിന്നും 20 ലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടൂറിസം പങ്കാളികള്‍ എക്സ്പോയുടെ ഭാഗമായെന്ന് ജിടിഎം സിഇഒ സിജി നായര്‍ പറഞ്ഞു. 1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പരിപാടിയില്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ട്രാവല്‍ ട്രേഡ് എക്സിബിഷനില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്‍റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ 200 ലധികം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. സമാപന ദിനമായ ഇന്നലെ എക്സ്പോ കാണാന്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങളും നൂതന പ്രവണതകളും മുന്നോട്ടുവച്ച ജിടിഎമ്മിലെ സെമിനാര്‍ സെഷനുകളില്‍ ട്രാവല്‍-ടൂറിസം മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്തു. കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് സെഷനുകളില്‍ 45 കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ചകളാണ് നടന്നത്.

വളര്‍ച്ചയുടെ ഡെസ്‍റ്റിനേഷനുകള്‍

'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തില്‍ നടന്ന ജിടിഎമ്മില്‍ തെക്കന്‍ കേരളത്തിന്‍റെ പ്രകൃതിയും സംസ്കാരവും ടൂറിസം ആകര്‍ഷണങ്ങളും പരിചയപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കിയത്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജഡായുപ്പാറ, തെന്മല, അഷ്ടമുടിക്കായല്‍, വര്‍ക്കല, പൂവാര്‍, കോവളം, തിരുവനന്തപുരം നഗരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ടൂര്‍ പരിപാടിയും സമാപന ദിവസം സംഘടിപ്പിച്ചു.

ആയുര്‍വേദം, കൈത്തറി, പരമ്പരാഗത വിഭവങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രധാനമാണെന്നും ഈ ദിശയിലുള്ള മഹത്തായ ശ്രമമാണ് ജിടിഎമ്മെന്നും കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടന്ന സമാപന സമ്മേളനത്തില്‍ എം.വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു.

ജിടിഎം ചീഫ് കോര്‍ഡിനേറ്ററും ജനറല്‍ കണ്‍വീനറുമായ പ്രസാദ് മഞ്ഞളി, കേരള ടൂറിസം ഡെവലപ്മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, കെടിഎം മുന്‍ പ്രസിഡന്‍റ് ബേബി മാത്യു, സാഗര റിസോര്‍ട്ട്സ് എംഡി ശിശുപാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

'ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ അടൂര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.