image

24 Sep 2023 8:18 AM GMT

Travel & Tourism

സഞ്ചാരികളുടെ ഒഴുക്ക്, ഇടുക്കിയിലെ സ്പടികപ്പാലത്തിൽ പ്രവേശനത്തിന് നിയന്ത്രണം

MyFin Desk

flow of tourists, entry restrictions on glass bridge in idukki
X

Summary

  • ദിനംപ്രതി മൂവായിരിത്തിനും അയ്യായിരത്തിനും ഇടയില്‍ സന്ദര്‍ശകര്‍ എത്തുന്നു
  • ഇപ്പോള്‍ 1100പേര്‍ക്കുവരെ മാത്രമാണ് പാലത്തിലേക്ക് അനുവാദം നല്‍കുന്നത്


സഞ്ചാരികള്‍ക്കായി അടുത്തിടെ തുറന്നു കൊടുത്ത ഇടുക്കിയിലെ സ്പടികപ്പാലാത്തിലെ ( കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ്) സന്ദര്‍ശകരുടെ തിരക്കുമൂലം, ഡിറ്റി പി സി ( ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ) പാലത്തിലെ സന്ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഈ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് കാണാന്‍ ദിവസവും 3000 ത്തിനും , 5000 ത്തിനും ഇടയില്‍സന്ദര്‍ശകര്‍ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്നുണ്ട് എന്നു ഡിറ്റി പി സി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും അനേക മടങ്ങാണന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം 1000 -1100 പേര്‍ക്കേ പാലം സന്ദര്‍ശിക്കാന്‍ അനുവാദം ഡിറ്റി പി സി നല്‍കുന്നുള്ളൂ. ഒരു സമയത്ത് 15 പേര്‍ക്ക് അഞ്ചു മുതല്‍ ഏഴ് മിനിട്ടുവരെ പാലത്തില്‍ ചെലവഴിയ്ക്കാന്‍ അനുവദിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

``പുതിയ സംവിധാനം പാലം കാണാന്‍ എത്തുന്ന സന്ദര്‍ശകരുടെ നീണ്ട നിരയുടെ നീളം കുറയ്ക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ,'' ജോസ് പറഞ്ഞു.

``പാലം സന്ദര്‍ശകര്‍ക്കായി സെപ്റ്റംബര്‍ 7 നു തുറന്നു കൊടുത്തതിനു ശേഷമുള്ള 15 ദിവസം 11159 പേരാണ് പാലം സന്ദര്‍ശിച്ചത്. പ്രവേശന ഫീസ് സെപ്റ്റംബര്‍ 14 മുതല്‍ 500 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതു മുതല്‍ സെപ്റ്റംബര്‍ 22 നു വരെ 8049 പേര്‍ പാലം കാണാനെത്തി. പാലവും, അഡ്വഞ്ചര്‍ പാര്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്ന്‌കൊടുത്തതോടെ വാഗമണ്ണിന്റെ പ്രശസ്തി പല മടങ്ങു വര്‍ധിച്ചു. അടുത്ത 15 ദിവസങ്ങളില്‍ അവിടേക്കു ഒഴുകി എത്തിയത് 42461 വിനോദ സഞ്ചാരികളാണ്. മറ്റൊരു 29353 പേര്‍ വാഗമണ്‍ പുല്‍മേട് സന്ദര്‍ശിച്ചു.

വാഗമണ്ണിന് സമീപം കോലാഹലമേട്ടില്‍ നിര്‍മ്മിച്ചിട്ടുള്ള സ്പടിക പാലം പൊതു-സ്വകാര്യ സംരംഭമാണ്. ഇടുക്കി ഡിറ്റി പി സി യും , ഭാരത് മാത വെഞ്ചേഴ്‌സും ആണ് പദ്ധതി പങ്കാളികള്‍.