27 Sept 2023 9:27 AM
Summary
വിദ്യാര്‍ഥികളും, ജോലിക്കാരുമാണ് പ്രധാനമായും ബോട്ടിലെ യാത്രക്കാര്‍
നഗര തിരക്കില്‍ നിന്നും മാറി കാറ്റ് കൊണ്ടും, ഗ്രാമജീവിതത്തിന്റെ തുടപ്പും അറിഞ്ഞൊരു യാത്ര. അതാണ് എറണാകുളം-മുളവുകാട് ബോട്ട് യാത്ര. ആധുനിക ഗതാഗതത്തിന്റെ വേഗതയോ, പകിട്ടോ ഒന്നും അവകാശപ്പെടാനില്ല ഈ യാത്രയ്ക്ക്. എങ്കിലും എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നും മുളവുകാട് ഭാഗത്തേയ്ക്കുള്ള ബോട്ട് യാത്ര വേറിട്ടൊരു ഫീല്‍ തരുന്നതാണ്.
40 മിനിറ്റില്‍ ലോകം ചുറ്റിയ പ്രതീതി
സംസ്ഥാന ജലഗതാഗത വകുപ്പാണ് സര്‍വീസ് നടത്തുന്നത്. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് ആകെ ചെലവ് വെറും 11 രൂപയാണ്. തുച്ഛമായ ടിക്കറ്റ് നിരക്കില്‍ എന്നും ഓര്‍മിക്കാവുന്നൊരു യാത്രാനുഭവം വേറെ എവിടെ കിട്ടും ?
എറണാകുളം ഹൈക്കോര്‍ട്ട് മുതല്‍ മുളവുകാട് വടക്കേ ബോട്ട് ജെട്ടിയില്‍ അവസാനിക്കുന്ന സര്‍വീസില്‍ ആറ് ബോട്ട് ജെട്ടികളാണുള്ളത്.
ഞായറാഴ്ചയും, മറ്റ് പൊതു അവധി ദിനങ്ങളിലും ചിലര്‍ ഈ ബോട്ടില്‍ വിനോദത്തിനു വേണ്ടി യാത്ര ചെയ്യാറുണ്ട്.
പാലം വന്നതോടെ ബോട്ട് യാത്രക്കാരുടെ എണ്ണം കുറഞ്ഞു
ഒരുകാലത്ത് കൊച്ചി നഗരത്തിലേക്കു യാത്ര ചെയ്യാന്‍ മുളവുകാട് ദ്വീപുകാര്‍ ആശ്രയിച്ചിരുന്നത് ബോട്ടുകളെയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ടും സര്‍ക്കാര്‍ ബോട്ടുകളുമുണ്ടായിരുന്നു. രാവിലെ അഞ്ച് മുതല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. രാത്രി പത്തര മണി വരെയും ബോട്ട് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ നഗരത്തെ ബന്ധിപ്പിച്ചു മുളവുകാട് ദ്വീപിലേക്ക് ഗോശ്രീ പാലം വന്നതോടെ ബോട്ടുകള്‍ മിക്കവയും സര്‍വീസ് നിറുത്തി. ഇപ്പോള്‍ സര്‍ക്കാരിന്റെ ഈ ഒരു ബോട്ട് മാത്രമാണു സര്‍വീസ് നടത്തുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലുമാണു പൊതുവേ ബോട്ടില്‍ തിരക്ക് അനുഭവപ്പെടുന്നത്. ജോലിക്ക് പോകുന്നവര്‍, പഠിക്കാന്‍ പോകുന്നവര്‍ എന്നിവരാണ് പ്രധാനമായും യാത്രക്കാര്‍. കച്ചവടം ചെയ്യുന്നവരാണു മറ്റൊരു വിഭാഗം യാത്രക്കാര്‍. എറണാകുളത്ത് പോയി പല സാധനങ്ങളും ചാക്കിലും വലിയ കെട്ടുകളിലുമായി നാട്ടില്‍ കച്ചവടം ചെയ്യാനായി കൊണ്ടുവരുന്നത് ബോട്ടിനാണ്. വീട് പണിക്കുള്ള സിമന്റ്, കമ്പി, പെയിന്റ്, ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികളും ഇത്തരത്തില്‍ ബോട്ടിന് കൊണ്ടുവരുന്നു.
ഓര്‍മകള്‍ മരിക്കുമോ ?
ഗതാഗതസൗകര്യങ്ങള്‍ വന്നെങ്കിലും ബോട്ട് യാത്ര മുളവുകാടുകാര്‍ക്ക് ഇന്നും ഒഴിവാക്കാനാവാത്തതാണെന്നു മുളവുകാട് സ്വദേശി സനീഷ് സെബാസ്റ്റിയന്‍ പറഞ്ഞു. യാത്രാ മാര്‍ഗം എന്നതിലുപരി ചിലര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താനുള്ള വേദി കൂടിയായിരുന്നു ഓരോ ബോട്ടും. എത്രയോ പ്രണയം ഈ ബോട്ട് സര്‍വീസിലൂടെ പൂവണിഞ്ഞിരിക്കുന്നു. ഇന്ന് ഈ ബോട്ട് യാത്ര ചിലര്‍ക്ക് നൊസ്റ്റാല്‍ജിയ കൂടിയാണെന്നും സനീഷ് പറയുന്നു.
രാവിലെ 7.00ന് ഹൈക്കോര്‍ട്ട് ജെട്ടിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 9.30 ന് എറണാകുളം ഹൈക്കോര്‍ട്ട് ജെട്ടിയില്‍നിന്ന് മുളവുകാട്ടേയ്ക്ക് ലാസ്റ്റ് ട്രിപ്പ്. അതു വരെ ഓരോ ഇടവേളകളിലും ബോട്ട് ട്രിപ്പ് അടിക്കും.
എറണാകുളം ഹൈക്കോര്‍ട്ടില്‍നിന്നും മുളവുകാട്ടേയ്ക്ക് പുറപ്പെടുന്ന സമയം
രാവിലെ 7.00
9.10
10.20
ഉച്ചയ്ക്ക് 1.10
2.50
വൈകുന്നേരം 4.20
6.10
7.45
9.30