14 Oct 2023 3:24 PM IST
Summary
- ഏറ്റെടുക്കലും പുതിയ ഹോട്ടലുകള്‍ തുറക്കുകയും ചെയ്യുന്നതാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നത്.
അടുത്തുവരുന്ന ഉത്സവ സീസണ്‍ ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ സീസണില്‍ വിനോദ, ബിസിനസ് യാത്രകളിലെ വര്‍ധനവ് ആയിരിക്കും ഇതിൽ വലിയ സംഭാവന നൽകുന്നത്. സ്ഥിര, താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഏതാണ്ട് 70,000 മുതല്‍ 80,000 വരെ തൊഴിലുകൾ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഐടിസി പിന്തുണയുള്ള ഫോര്‍ച്യൂണ്‍ ഹോട്ടലുകള്‍, ലെമണ്‍ ട്രീ ഹോട്ടലുകള്‍, റോയല്‍ ഓര്‍ക്കിഡ് ഹോട്ടലുകള്‍, മറ്റ് വലിയ, ഇടത്തരം ഹോട്ടലുകള്‍ എന്നിവ പുതിയ പ്രോപ്പര്‍ട്ടികള്‍ തുറക്കുകയോ മറ്റ് ഹോട്ടലുകള്‍ ഏറ്റെടുക്കുകയോ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ 1,500 മുതല്‍ 3,000 വരെ ആളുകളെ നിയമിക്കുമെന്നും ഐടിസി അറിയിച്ചു.
ഫോര്‍ച്ച്യൂണ്‍ ഹോട്ടലുകള്‍ അവരുടെ ശൃംഖലകളിലുടനീളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8-10 ശതമാനം വരെ ജീവനക്കാരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം 2500 ജിവനക്കാരെയാണ് കമ്പനി നിയമിച്ചത്.
. ഈ സാമ്പത്തിക വര്‍ഷം 7-8 ഹോട്ടലുകള്‍ കൂടി തുറക്കുന്നുണ്ട്. ഞങ്ങളുടെ മനുഷ്യശേഷി ആവശ്യകതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,' ഫോര്‍ച്യൂണ്‍ പാര്‍ക്ക് ഹോട്ടലിന്റെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ എംസി പറഞ്ഞു. പുതിയ പ്രോപ്പര്‍ട്ടികള്‍ക്ക് നിയമനം നല്‍കുന്നതിലാണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
നിലവിൽ 6,500 ജീവനക്കാരുള്ള ലെമണ്‍ ട്രീ ഹോട്ടല്‍സ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 3,000 പേരെയെങ്കിലും നിയമിക്കാനാണ് പദ്ധതിയിടുന്നത്.
റീജന്റയും റോയല്‍ ഓര്‍ക്കിഡ് ഹോട്ടലുകളും ഈ സാമ്പത്തിക വര്‍ഷം ഏകദേശം 1,800 പേരെ നിയമിക്കും. 2022 ഏപ്രില്‍ മുതല്‍ ഗ്രൂപ്പ് 25 പുതിയ പ്രോപ്പര്‍ട്ടികള്‍ ആരംഭിച്ചു. നിലവില്‍ ഉള്ളവയില്‍ 1050 മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും 1,225 ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ഹോസ്പിറ്റാലിറ്റി മാനേജര്‍മാര്‍, ഇവന്റ് പ്ലാനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, റസ്റ്റോറന്റ് സ്റ്റാഫ്, ലോജിസ്റ്റിക്‌സ് മാനേജര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനങ്ങള്‍ നടക്കുന്നതെന്ന്,'ടീംലീസ് സ്റ്റാഫിംഗിന്റെ വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ആന്‍ഡ് ഇ കൊമേഴ്‌സ് മേധാവിയുമായ ബാലസുബ്രഹ്‌മണ്യന്‍ എ പറഞ്ഞു.