image

1 March 2024 11:09 AM GMT

Travel & Tourism

സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കില്‍ പോകാം ഇടുക്കി രാമക്കല്‍മേട്ടിലേക്ക്

MyFin Desk

idukki ramakalmedu is poised to become a hot spot on the tourist map
X

Summary

ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി


ഉയര്‍ന്ന മലനിരകളാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.

തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി - മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഏലത്തോട്ടങ്ങള്‍ക്കും ചായത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് കിഴക്കു നോക്കി നില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍. ഈ കുന്നിന്‍ മുകളില്‍ എപ്പോഴും കാറ്റ് ആഞ്ഞു വീശുന്നതിനാല്‍ കേരള സര്‍ക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി.

ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ദൂരക്കാഴ്ചയില്‍ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ പാറയിലേക്ക് ഒരാള്‍ക്കു മാത്രം കഷ്ടിച്ചു പോകാന്‍ കഴിയുന്ന നടപ്പാതയാണുള്ളത്. ഇവിടെയുള്ള കൂറ്റന്‍ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകള്‍ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം. മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.





രാമക്കല്‍മേട്ടിലെ കുറുവന്‍കുറത്തി ശില്‍പം, മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍, കോടമഞ്ഞ് പുതച്ച മലനിരകള്‍, താഴ്‌വരയിലെ തമിഴ്‌നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങള്‍, അകലെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാലലോകമാണ് ആമപ്പാറ തുറക്കുന്നത്.

ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറയും മാറും. നെടുങ്കണ്ടം രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെ നിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം.