13 Feb 2024 5:06 AM GMT
Summary
- നവംബറോടെ യാത്രാസമയം കുറയും
- രാജസ്ഥാനിലെ റോഡുകള്‍ ലോക നിലവാരത്തിലേക്ക്
- എക്സ്പ്രസ് ഹൈവേകളിലും കേന്ദ്രം 60,000 കോടി നിക്ഷേപിക്കുന്നു
ഡെല്‍ഹി-മുംബൈ എക്സ്പ്രസ് ദേശീയ പാതയില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നു. ദേശീയതലസ്ഥാനത്തുനിന്നും ജയ്പൂരിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുന്നതിന്റെ ആദ്യപടിയാണ് ഇത്. യാത്രയുടെ നിരക്കും ഡീസല്‍ ബസിനെക്കാള്‍ 30ശതമാനം കുറവായിരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഡെല്‍ഹി-മുംബൈ ദേശീയ പാത ജയ്പൂര്‍ വഴിയാണ്. ഈ യാത്ര ചെലവ് കുറയുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദമായി മാറുമെന്നും ഗഡ്കരി പറഞ്ഞു. ഉയ്പൂരില്‍ 17 റോഡുകളുടെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 2500 കോടിയിലധികം വരുന്ന ഈ പദ്ധതികള്‍ മേവാര്‍ മേഖലയുടെ വികസനം ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.
1,370 കോടി രൂപ ചെലവില്‍ ബന്ദികുയി മുതല്‍ ജയ്പൂര്‍ വരെ 67 കിലോമീറ്റര്‍ നാലുവരി പാത നിര്‍മ്മിക്കുന്നതായി ഗഡ്കരി പറഞ്ഞു. ഈ വര്‍ഷം നവംബറോടെ ഈ ജോലി പൂര്‍ത്തിയാകും. ഇതോടെ ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്ര രണ്ട് മണിക്കൂറിനുള്ളില്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡെല്‍ഹി-മുംബൈ എക്സ്പ്രസ് ഹൈവേ, മൃഗങ്ങളുടെ സഞ്ചാരപാത നിലനിര്‍ത്തിയാണ് നിര്‍്മ്മിച്ചത്. ഇത്തരത്തിലുള്ള ഏഷ്യയിലെ ആദ്യത്തേതാണ് ഈ ഹൈവേ. ലാകോത്തര അടിസ്ഥാന സൗകര്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്. രാജസ്ഥാനിലെ റോഡുകള്‍ ലോകത്തെ റോഡുകള്‍ക്ക് തുല്യമാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
2024 അവസാനത്തോടെ രാജസ്ഥാനിലെ ദേശീയ പാതകള്‍ അമേരിക്കന്‍ ഹൈവേകളുടെ നിലവാരവുമായി പൊരുത്തപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഡെല്‍ഹി മുംബൈ എക്സ്പ്രസ് ഹൈവേയ്ക്ക് പുറമെ രാജസ്ഥാനിലെ എക്സ്പ്രസ് ഹൈവേകളിലും കേന്ദ്രം 60,000 കോടി രൂപ നിക്ഷേപിക്കുന്നു.
ചടങ്ങില്‍ പങ്കെടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, ടൂറിസം വീക്ഷണകോണില്‍ നിന്ന് ഉദയ്പൂരിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ഈ നഗരം 'രാജസ്ഥാന്റെ കശ്മീര്‍' എന്ന് വിളിക്കപ്പെടുന്നു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു, ഇത് ടൂറിസം മേഖല വിപുലീകരിച്ചു.
സംസ്ഥാന ബജറ്റില്‍ മഹാറാണ പ്രതാപ് ഇടനാഴിയുടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനവും ശര്‍മ്മ പരാമര്‍ശിച്ചു. പദ്ധതി പൂര്‍ത്തിയാക്കാന്‍ 'ഇരട്ട-എഞ്ചിന്‍ സര്‍ക്കാര്‍' വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തിനൊത്ത് പ്രവര്‍ത്തിക്കുമെന്നും കേന്ദ്രവുമായി ചേര്‍ന്ന് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.