12 Nov 2024 7:01 AM GMT
Summary
- യുകെയിലെ ഇന്ത്യന്‍ പ്രവാസികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ച് ടൂറിസം മന്ത്രി
- ചലോ ഇന്ത്യ കാമ്പെയ്നിലൂടെ പ്രവാസികള്‍ ട്രാവല്‍, ടൂര്‍ അംബാസഡര്‍മാരായി മാറുമെന്ന് മന്ത്രി
- മാര്‍ച്ച് 31 വരെ ചലോ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഒരു ലക്ഷം സജന്യ ഇ-ടൂറിസ്റ്റ് വിസ
ചലോ ഇന്ത്യ കാമ്പെയ്‌നില്‍ പങ്കാളികളാകാന്‍ യുകെയിലെ ഇന്ത്യന്‍ പ്രവാസികളോട് ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതാണ് പദ്ധതി. പ്രധാനമന്ത്രി ഈ വര്‍ഷം ആദ്യമാണ് ചലോ ഇന്ത്യ സംരംഭം പ്രഖ്യാപിച്ചത്.
''ഈ ചലോ ഇന്ത്യ കാമ്പെയ്നിലൂടെ നിങ്ങള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ട്രാവല്‍, ടൂര്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു,'' വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി നടന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുകെയിലുള്ള ഞങ്ങളുടെ എല്ലാ പ്രവാസി ഭാരതീയരും ഈ സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരിക്കും, കൂടാതെ അവരുടെ ഇന്ത്യക്കാരല്ലാത്ത സുഹൃത്തുക്കളെ അതിന്റെ എല്ലാ മഹത്വത്തിലും പുതിയ ഇന്ത്യക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കും,' അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ചലോ ഇന്ത്യ റഫറല്‍ പ്രോഗ്രാമിന് കീഴില്‍ യാത്ര ചെയ്യുന്ന വിദേശ അതിഥികള്‍ക്ക് തന്റെ മന്ത്രാലയത്തിന്റെ ഒരു ലക്ഷം സൗജന്യ ഇ-ടൂറിസ്റ്റ് വിസ വാഗ്ദാനം ഷെഖാവത്ത് എടുത്തുപറഞ്ഞു.
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ മാരിടൈം ഗ്രീന്‍വിച്ചിലെ ചരിത്രപ്രസിദ്ധമായ കട്ടി സാര്‍ക്ക് ഷിപ്പില്‍ നടന്ന ചലോ ഇന്ത്യ സാംസ്‌കാരിക സമ്മേളനം, ആഗോള ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടുള്ള ടൂറിസം മന്ത്രാലയത്തിന്റെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതായിരുന്നു.
ഈ പരിപാടി കമ്മ്യൂണിറ്റി നേതാക്കളെയും കലാകാരന്മാരെയും പ്രൊഫഷണലുകളേയും ഒരുമിച്ച് കൊണ്ടുവന്ന് യുകെയിലെ ഏറ്റവും വലിയ ഉറവിട വിപണികളിലൊന്നില്‍ ഇന്ത്യയുടെ സമ്പന്നമായ ടൂറിസം ഓഫറുകള്‍ പ്രദര്‍ശിപ്പിച്ചു. തെലങ്കാന, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഒഡീഷ ഉപമുഖ്യമന്ത്രിയും ഈ വര്‍ഷത്തെ ഡബ്ല്യുടിഎമ്മിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.