image

28 July 2023 11:00 AM GMT

Travel & Tourism

കാരവന്‍ ടൂറിസം പൊടിപൊടിക്കും; സംസ്ഥാനത്ത് വരുന്നു 14 പുതിയ കാരവന്‍ പാര്‍ക്ക്

Kochi Bureau

caravan tourism 14 new caravan parks are coming up in kerala
X

Summary

  • ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു


സംസ്ഥാനത്ത് 14 കാരവന്‍ പാര്‍ക്ക് തുടങ്ങുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബോള്‍ഗാട്ടി, പൊന്‍മുടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. കെടിഡിസിയുമായി ചേര്‍ന്നാണ് കാരവന്‍ പാര്‍ക്ക് ആസുത്രണം ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങിനായി 1.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപം അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന സ്ഥലങ്ങളിലാണ് കാരവന്‍ പാര്‍ക്കുകള്‍ നിര്‍മിക്കുക. കാരവനുകള്‍ ക്യാമ്പ് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. പകല്‍ കാരവനുകളില്‍ യാത്ര ചെയ്ത് രാത്രി പാര്‍ക്കുകളില്‍ വിശ്രമിക്കാം. വൈദ്യുതി, ശുചിമുറി, എന്നിവയ്ക്കു പുറമെ പാചകത്തിനും കാരവനുകളില്‍ വെള്ളം നിറയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും.

പദ്ധതിക്കായി കുറഞ്ഞത് 50 സെന്റ് സ്ഥലം ആവശ്യമാണ്. ഒക്ടോബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സബ്‌സിഡിയടക്കമുള്ള കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസം സീസണില്‍ കൂടുതല്‍ വിദേശ സഞ്ചാരികളെ ഇത്തവണ ലക്ഷ്യമിടുന്നുണ്ട്. റസ്റ്റ് ഹൗസ് വഴി ഒരു ലക്ഷം ആളുകള്‍ മുറികള്‍ ബുക്ക് ചെയ്തതോടെ എട്ടുകോടിയുടെ വരുമാന നേട്ടമാണ് ഉണ്ടായത്. ടൂറിസം കേന്ദ്രങ്ങളിലെ റസ്റ്റ് ഹൗസ് നവീകരണവും ആരംഭിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആഢംബര സൗകര്യങ്ങളോടെയുള്ള കാരവന്‍ ടൂറിസം നടപ്പാക്കുന്നത്. വലിയ ഇളവുകളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാരവാന്‍ നയം പുറത്തിറക്കിയത്. കാരവാനുകള്‍ക്ക് സബ്‌സിഡിയും രജിസ്‌ട്രേഷന്‍ തുകയില്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വാണിജ്യ സാധ്യതയായി കണ്ട് ടൂറിസം വ്യവസായികളും ബാങ്കുകളും നിരവധി പദ്ധതികളുമായി രംഗത്തെത്തിക്കഴിഞ്ഞു.

നാല് പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ബെന്‍സിന്റെ കാരവാന്‍. ഏതാണ്ട് 4000 രൂപ മുതലാണ് ഇതിന്റെ യാത്രാ നിരക്ക്. അതേസമയം റജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തിനകം ടൂറിസം മേഖലയില്‍ നിന്നു പിന്‍വലിച്ചാല്‍ സബ്‌സിഡി തിരിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ക്കുകള്‍ക്കു ചെലവു കുറവായതിനാല്‍ സബ്‌സിഡി ലഭിക്കില്ല. ഓരോ പ്രദേശത്തെയും കാരവനുകളുടെ ടൂറിസം സാധ്യത പരിശോധിക്കാനും കാരവന്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി തയാറാക്കാനും ഡിടിപിസികള്‍ക്കു ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി.