image

9 Nov 2024 6:09 AM GMT

Travel & Tourism

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു, ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

MyFin Desk

Bolgatty to Mattupetty seaplane project coming soon
X

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു, ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടിയിലെത്തുന്ന സീപ്ലെയിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും.

കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിൻ്റെയും പശ്ചിമഘട്ടത്തിൻ്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർതലത്തിൽ ആലോചനയുണ്ട്.