21 July 2023 11:45 AM GMT
Summary
- ഈ മാസം 26 ന് കാസര്‍ഗോഡാണ് യാത്ര അവസാനിക്കുന്നത്.
കേരളത്തിന്റെ ടൂറിസം മേഖലയുടെ ഉണര്‍വിനായി സംസ്ഥാന സര്‍ക്കാരിന്റെ കേരള ബ്ലോഗ് എക്‌സ്പ്രസ് ടീം യാത്ര തുടരുന്നു. നിലവില്‍ കോഴിക്കോട് പിന്നിട്ടിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 19 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാരുടെ ടീം ഇന്നലെ കോഴിക്കോടിന്റെ രുചികളും ഉരുവും ആസ്വദിച്ചും കയര്‍ പിരിച്ചും കേരളത്തിന്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണിവര്‍. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ മുന്നിലെത്തിയ ബ്ലോഗര്‍മാര്‍ക്കാണ് ഈ അവസരം കൈവന്നത്.
തിരുവിതാംകൂര്‍ മുതല്‍ തുളുനാട് വരെ
കോവളത്തു നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്‌സ്പ്രസ് യാത്ര കുമരകം, അയ്മനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട് തേക്കടി, പെരിയാര്‍ തടാകം, മൂന്നാര്‍, തേയില ഫാക്ടറി, മാട്ടുപ്പെട്ടി ഡാം തൃശ്ശൂരില്‍ അതിരപ്പള്ളിയിലും കേരള കലാമണ്ഡലം, കൊച്ചിയില്‍ കടമക്കുടിയില്‍ സൈക്ലിംഗ്, ദ്വീപ് സന്ദര്‍ശനം, ഫോര്‍ട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ് ഡച്ച് പാലസ്, ചീനവല സന്ദര്‍ശനം, കോഴിക്കോട്ട് ഹെറിറ്റേജ് വാക്ക്, ബീച്ച് സന്ദര്‍ശനം, കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ വൈത്തിരി, കുറുവ ദ്വീപ്, തേയിലത്തോട്ടം സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ ആസ്വദിച്ചാണ് മടങ്ങുക.
ബ്രസീല്‍, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബള്‍ഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യുഎസ്എ, യുകെ, നെതര്‍ലന്‍ഡ്‌സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, തുര്‍ക്കി, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്. രാകേഷ് റാവു, സോംജിത് എന്നിവരാണ് ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍.
ഈ മാസം 26 ന് കാസര്‍ഗോഡ് യാത്ര സമാപിക്കും. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ബ്ലോഗര്‍മാര്‍ സന്ദര്‍ശിക്കും. കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ ആലേഖനം ചെയ്ത ആഢംബര ബസ്സിലാണ് ബ്ലോഗര്‍മാരുടെ യാത്ര. യാത്രികരുടെ അനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യും. കേരള ടൂറിസത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ക്കു പുറമേ ബ്ലോഗര്‍മാര്‍ അവരുടെ പ്ലാറ്റ്‌ഫോം വഴിയും കേരളത്തിന്റെ സവിശേഷതകളും ദൃശ്യഭംഗിയും ആളുകളിലേക്ക് എത്തിക്കും. യാത്രയെക്കുറിച്ച് അറിയാന്‍ #KeralaBlogExpress7 എന്ന ഹാഷ്ടാഗ് പിന്തുടരാനാകും. ബ്ലോഗ് എക്‌സ്പ്രസിന്റെ ഏഴാമത്തെ പതിപ്പാണിത്.