7 Dec 2024 9:10 AM GMT
കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ, സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി
MyFin Desk
സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരമായി ടിഓഎഫ് ടൈഗേർസിന്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരള ടൂറിസത്തിന് ലഭിച്ചു. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് സംസ്ഥാനത്തെ നേട്ടത്തിനു അർഹമാക്കിയത്.
കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ നിരവധി പുരസ്കാരങ്ങളാണ് കേരള ടൂറിസത്തെ തേടിയെത്തിയത്.