image

12 Oct 2023 5:48 PM GMT

Travel & Tourism

പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് 2024 സെപ്റ്റംബറില്‍

MyFin Desk

Kerala Travel Mart 12th edition in September 2024
X

Summary

  • യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇക്കുറി സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ബയര്‍ പ്രതിനിധിള്‍ കെടിഎമ്മില്‍ പങ്കെടുക്കും.
  • വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് കെടിഎം സംഘടിപ്പിക്കുന്നത്.
  • സെപ്റ്റംബര്‍ 29 ന് പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം.


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് 2024 സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കും. വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് കെടിഎം സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 22 മുതല്‍ 26 വരെ പ്രീ-മാര്‍ട്ട് ടൂര്‍ നടക്കും. മാധ്യമപ്രവര്‍ത്തകര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവര്‍ക്കാണ് പ്രീ-മാര്‍ട്ട് ടൂര്‍ നടക്കുന്നത്. കെടിഎം 2024 ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ 29 ന് പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം.സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാരെ ഉള്‍പ്പെടുത്തി പോസ്റ്റ് മാര്‍ട്ട് ടൂറുകളും ഉണ്ടാകും.

യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇക്കുറി സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിന്നും ബയര്‍ പ്രതിനിധിള്‍ കെടിഎമ്മില്‍ പങ്കെടുക്കും.

ആഗോളതലത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം കേരളം നടപ്പാക്കുന്ന പുതിയ ടൂറിസം പ്രമോഷനുകള്‍ക്കും ഉത്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കാരവന്‍ കേരള, വെഡ്ഡിങ് ലക്ഷ്യസ്ഥാനങ്ങള്‍, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, അറിയപ്പെടാത്ത പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തല്‍, ഹെല്‍ത്ത്-വെല്‍നെസ് ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങി കേരളം അവതരിപ്പിച്ച പുതിയ ടൂറിസം മാതൃകകളെ്ല്ലാം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്നു.

അതേസമയം ടൂറിസം മേഖലയ്ക്ക് വലിയ സംഭാവനയും കരുത്തും പകര്‍ന്നു നല്‍കുന്നതാണ് ടൂറിസം വ്യവസായത്തിലെ പങ്കാളികളെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള പുതിയ നയങ്ങളും സമീപനമെന്നും ടൂറിസം മേഖലയ്ക്കും വ്യവസായത്തിനും കേരള ട്രാവല്‍ മാര്‍ട്ട് ശക്തി പകരും എന്നതില്‍ സംശയമില്ലെന്നും പറഞ്ഞ മന്ത്രി കെടിഎമ്മിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും പിന്തുണയും ഉറപ്പുനല്‍കി.

വെഡ്ഡിംഗ് ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തെ ആഗോള തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ലക്ഷ്യവും ഇത്തവണത്തെ കെടിഎമ്മിനുണ്ട്. ആഗോള സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന എംഐസിഇ ടൂറിസം(മീറ്റിംഗ്‌സ് ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്‌സിബിഷന്‍സ്) വിഭാഗത്തില്‍ കൂടുതല്‍ പ്രധാന്യം കെടിഎമ്മില്‍ കൈവരുമെന്നാണ് പ്രതീക്ഷ.

ക്രൂസ് ടൂറിസമാണ് കെടിഎം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ഉത്പന്നം. ആഡംബരക്കപ്പല്‍ യാത്ര, പകല്‍ സമയങ്ങളിലുള്ള ഡേ പാക്കേജ് ക്രൂസ് തുടങ്ങിയവയ്ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്.

2022 ല്‍ നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്ന് 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 325 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം-2022 ല്‍ ഉണ്ടായിരുന്നത്.

2000 ത്തില്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ പി ബി നൂഹ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ്. പ്രേം കൃഷ്ണന്‍, കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റുമാരായ ഇ എം നജീബ്, ബേബി മാത്യു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.