21 Jun 2023 3:48 AM GMT
Summary
- വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ധന
- ഇന്ത്യയുടേത് അതിഥിയെ ദേവനായി പരിഗണിക്കുന്ന പാരമ്പര്യം
- ജി 20 രാജ്യങ്ങളുടെ ഉച്ചകോടി സെപ്തംബറില്‍ ന്യൂഡെല്‍ഹിയിലാണ് നടക്കുക
ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് കീഴിലുള്ള നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗോവയില്‍ ആരംഭിച്ചു. ടൂറിസം മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന യോഗം ജൂണ്‍ 22ന് അവസാനിക്കും.
ഉദ്ഘാടന സെഷനില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി, ടൂറിസം സഹമന്ത്രി അജയ് ഭട്ട്, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകള്‍ ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴിലാണ് നടന്നതെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്ത്രി റെഡ്ഡി പറഞ്ഞു.
ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചില്‍ ആണ് ഈ വിഭാഗത്തിലെ ആദ്യ യോഗം സംഘടിപ്പിച്ചത്. രണ്ടാമത്തേത് പശിമ ബംഗാളിലെ സിലിഗുരിയിലും നടന്നു. രണ്ടു സ്ഥലങ്ങലും ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്. മൂന്നാം യോഗം നടക്കുന്ന ഗോവ അന്താരാഷ്ട്ര പ്രശസ്തമായ ടൂറിസം സ്‌പോട്ടാണ്. മൂന്നാമത്തെ യോഗം സംഘടിപ്പിച്ചത് കശ്മീരിലായിരുന്നു. ഇതിനെതിരെ ചൈനയും പാക്കിസ്ഥാനും ശബ്ദമുയര്‍ത്തിയെങ്കിലും ഒന്നും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി കണക്കാക്കപ്പെടുന്നു.
കശ്മീരില്‍ ജി20യുമായി ബന്ധപ്പെട്ട ഒരു യോഗം സംഘടിപ്പിക്കുമെന്ന് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തപ്പോള്‍തന്നെ വ്യക്തമായിരുന്നു. ഈ യോഗങ്ങളിലെല്ലാം ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിവിധ തരത്തിലുള്ള ടൂറിസം ഉല്‍പ്പന്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി.
''സ്ത്രീകളുടെ ദൈവികതയെ ആരാധിക്കുന്ന 50-ലധികം ശക്തിപീഠങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഇന്ത്യ സിഖ് മതത്തിന്റെ ജന്മസ്ഥലമാണ്, നമുക്ക് അമൃത്സറിലെ സിഖ് സുവര്‍ണ്ണ ക്ഷേത്രമുണ്ട്, അത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാണ്, ''റെഡ്ഡി പറഞ്ഞു.
പുരാതന കാലം മുതല്‍, ഇന്ത്യയിലേക്കുള്ള യാത്ര സ്വയം കണ്ടെത്താനുള്ള വഴികളിലൊന്നായിരുന്നു. സ്വയം കണ്ടെത്തല്‍ തേടുന്ന ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള യാത്രക്കാരുടെ ഒരു ജനപ്രിയ സ്ഥലമാണ് ഇന്ത്യ. 200 രാജ്യങ്ങളിലെയും വ്യത്യസ്ത വിശ്വാസങ്ങളിലെയും ആളുകള്‍ക്ക് ഇന്ത്യയുടെ സംസ്‌കാരവും ആത്മീയ പൈതൃകവും അനുഭവിക്കാനാണ് ഈ യാത്രകള്‍ അവസരമൊരുക്കിയത്.
അതിഥിയെ ദേവനായി പരിഗണിക്കുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അതിഥി ദേവോ ഭവഃ എന്ന പുരാതന തത്വചിന്തയില്‍ അധിഷ്ഠിതമായ കാഴ്ചപ്പാട് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
കോവിഡ് 19 ന് ശേഷമുള്ള നമ്മുടെ വിദേശ വിനോദസഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ എണ്ണത്തേക്കാള്‍ ഇക്കൊല്ലം 166ശതമാനം വര്‍ധനയാണുള്ളത്.