image

2 Jun 2023 11:00 AM GMT

Travel & Tourism

മുടന്തിനീങ്ങി വിനോദ സഞ്ചാരം; പിന്തുണയില്ലാതെ സംരംഭകര്‍

MyFin Desk

tourism sector need govt support
X

Summary

  • എസ്ഇഐഎസ് ഒഴിവാക്കിയത് മേഖലക്ക് തിരിച്ചടിയായി
  • ഏപ്രിലില്‍ നടന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു
  • കാരണങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്കും കത്ത് നല്‍കി


വിനോദ സഞ്ചാര മേഖല ക്രമേണ ഉയര്‍ത്തെഴുനേല്‍ക്കുന്നതായി വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി കാരണം നീണ്ടകാലമായി ഈ മേഖല അടച്ചു പൂട്ടപ്പെട്ടതായിരുന്നു.

ഇന്ന് ഈ രംഗത്തെ വ്യാപാരം തിരിച്ചെത്തുമ്പോള്‍ നേരിട്ട മുമ്പ് നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ബാക്കിപത്രമായി അവശേഷിക്കുകയാണ്. ഇവിടെ സര്‍ക്കാരില്‍ നിന്നും ഒരു കൈത്താങ്ങ് പ്രതീക്ഷിക്കുകയാണ് മേഖലയിലെ എല്ലാ സംരംഭകരും.

ടൂറിസം രംഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് അധികം കാലമായില്ല. പക്ഷേ ഇതിനുമുമ്പ് മേഖലയിലെ ജീവനക്കാര്‍ക്ക് നിലനില്‍ക്കാനുള്ള പണം കണ്ടെത്തുക ആതീവ ദുഷ്‌കരമായിരുന്നു.

മേഖലയോടനുബന്ധിച്ച സ്ഥാപനങ്ങളും വാഹനങ്ങളും മറ്റ് സൗകര്യങ്ങളും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു. പക്ഷേ വിദഗ്ധരായ തൊഴിലാളികളെ ഈ കാലഘട്ടത്തില്‍ ഇതിനായി ഉപയോഗിക്കുവാന്‍ സംരംഭകര്‍ക്ക് സാമ്പത്തിക ഞെരുക്കം കാരണം സാധിച്ചിരുന്നില്ല.

മേഖലയിലെ വളരെയധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോകം എന്ന് കോവിഡ് മുക്തമാകും എന്നത് മനുഷ്യമനുമുന്നില്‍ പ്രഹേളികയായി നിന്ന കാലമായിരുന്നു അത്. പകര്‍ച്ചവ്യാധിയില്‍നിന്നും ക്രമേണ ലോകം തിരികെയെത്തിയപ്പോള്‍ ടൂറിസം മാത്രമല്ല എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ തുടക്കംമുതല്‍ ആരംഭിക്കേണ്ടിവന്നു.

ബാങ്കുവായ്പകളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചുവന്ന സംരംഭകര്‍ നിരവധിയാണ്. നിലവിലുള്ള ബാധ്യതകള്‍ക്കു പുറമേ പ്രവര്‍ത്തനാരംഭത്തിന് പുതിയ പണം കണ്ടെത്തേണ്ട സാഹചര്യം ടൂറിസം മേഖലയില്‍ ഉണ്ടായി. ഇത് ബാധ്യതകള്‍ക്കുമേല്‍ ബാധ്യത വരുത്തിവെച്ചു.

വാഹനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ അനിവാര്യമായിരുന്നു. കൂടാതെ ഒരു തുടക്കം കുറിക്കിക്കുന്നതിന് മൂലധനവും അത്യാവശ്യമായിരുന്നു.

കേന്ദ്ര ബജറ്റില്‍ മേഖലയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ പുനരുജ്ജീവനത്തിന് ഏതാനും നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പൊതുവെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി ഉള്ള ആവശ്യങ്ങളില്‍ നടപടി ഉണ്ടാകാത്തതില്‍ ടൂറിസം,ഹോസ്പിറ്റാലിറ്റി യൂണിയന്‍ നിരാശയും പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ പകര്‍ച്ചവ്യാധിക്കാലത്ത് മേഖലയിലുണ്ടായ നഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ക്കായുള്ള ആവശ്യം തുടരുകയാണ്. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പുറത്തിറക്കിയ പുതിയ വിദേശ വ്യാപാര നയത്തിന്റെ വെളിച്ചത്തിലാണ് പുതീയ നീക്കം. ഈ നയം ഇതിനകം തന്നെ സര്‍വീസ് എക്സ്പോര്‍ട്ട് ഫ്രം ഇന്ത്യ സ്‌കീമിനെ(എസ്ഇഐഎസ്) ഒഴിവാക്കിയിരുന്നു.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ സബ്സിഡി സ്‌കീമുകള്‍ക്ക് വിരുദ്ധമായതിനാല്‍ നവീകരിച്ച സ്‌കീമിന്റെ പുനരവതരണം വ്യവസായത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. അല്ലെങ്കില്‍ മറ്റ് റിബേറ്റുകളുടെ രൂപത്തില്‍ പ്രോത്സാഹനങ്ങള്‍ മേഖല പ്രതീക്ഷിക്കുന്നു.

വ്യവസായ പ്രതിനിധികളുടെയും വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏപ്രിലില്‍ നടന്ന യോഗത്തില്‍ വ്യവസായത്തിന്റെ ആശങ്കകളും മേഖല ഉന്നയിച്ചിരുന്നു.

ഇതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ വ്യവസായികള്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് അന്ന് അനുകൂലമല്ലായിരുന്നു.

വ്യവസായത്തിന് ഇപ്പോള്‍ ഒരു പ്രോത്സാഹനവും നല്‍കില്ലെന്ന് ഗോയല്‍ വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സേവന വ്യവസായം മത്സരാധിഷ്ഠിതമായിരിക്കണം, കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സബ്സിഡികള്‍ തേടരുത്-എന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഈ നിലപാട് മന്ത്രി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വ്യക്തമാക്കിയതാണ്. ആഗോള വിപണിയില്‍ മത്സരാധിഷ്ഠിതമാകാന്‍ സേവന മേഖല വലിയ സ്വപ്നങ്ങള്‍ കാണേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

എസ്ഇഐഎസിനു കീഴില്‍ ലഭിച്ചിരുന്ന പ്രോത്സാഹനങ്ങള്‍ അന്താരാഷ്ട്ര വിപണനത്തിനും വിപണി ഗവേഷണ ആവശ്യങ്ങള്‍ക്കും ടൂറിസം വ്യവസായം ഉപയോഗിച്ചിരുന്നു. ഇന്‍ബൗണ്ട് ടൂര്‍-ഓപ്പറേറ്റിംഗ് കമ്പനികള്‍ക്ക് ഈ സ്‌കീം പ്രത്യേകിച്ചും സഹായകമായിരുന്നു.

ഇപ്പോള്‍ മേഖലയെ പിന്തുണച്ചിരുന്ന പദ്ധതിയാണ് ഇല്ലാതായത്. അത് വിദേശത്തുള്ള പരസ്യത്തെ ബാധിച്ചു. ലഭിച്ചിരുന്ന തൊഴിലിന്റെ വേഗത കുറഞ്ഞു. അത് മൊത്തം ബിസിനസിനെ തളര്‍ത്തുന്നു- ഐഎടിഒ പ്രസിഡന്റ് രാജീവ് മെഹ്റ പറയുന്നു.

വിദേശ രാജ്യങ്ങളിലേക്ക് പോകാനും പുതിയ വിപണികള്‍ കണ്ടെത്താനും ഈ പദ്ധതിവഴി സാധിച്ചിരുന്നു. ഇത് സര്‍ക്കാരിനും ഗുണം ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയറ്റ്‌നാം അല്ലെങ്കില്‍ തായ്ലന്‍ഡ് പോലുള്ള മാതൃകാ രാജ്യങ്ങള്‍ അവരുടെ ബിസിനസുകള്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതികള്‍ നല്‍കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെയും ഫാര്‍ ഈസ്റ്റിലെയും മിക്കവാറും എല്ലാ രാജ്യങ്ങളും ഓപ്പറേറ്റര്‍മാരെ സഹായിക്കാനും ടൂറിസം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയപരമായ ചട്ടക്കൂടുകളില്ലാതെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്- മെഹ്‌റ ആരോപിക്കുന്നു.

ഇതിന്റെ ഇതെല്ലാം വ്യക്തമാക്കി ഏപ്രില്‍ അവസാനം അവര്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഒന്നുകില്‍ എസ്ഇഐഎസ് പുനഃസ്ഥാപിക്കുക അല്ലെങ്കില്‍ പുതിയ വിദേശ വ്യാപാര നയത്തില്‍ ഒരു ബദല്‍ പദ്ധതി അവതരിപ്പിക്കുക എന്നതാണ് അവര്‍ ആവശ്യപ്പെടുന്നത്.

അന്താരാഷ്ട്ര ഫ്‌ലൈറ്റ് ഓപ്പറേഷനുകളുടെയും ടൂറിസ്റ്റ് വിസകളുടെയും പുനരുജ്ജീവനത്തിന് ശേഷം, ഇന്ത്യയിലേക്കുള്ള ഇന്‍ബൗണ്ട് ടൂറിസത്തിന്റെ 35 ശതമാനം മാത്രമേ കാര്യക്ഷമമായിട്ടുള്ളു.

2010ലെ 14.49 ബില്യണ്‍ ഡോളറില്‍ നിന്ന് 2019ല്‍ 30.05 ബില്യണ്‍ ഡോളറായി വിദേശ നാണയ വരുമാനം വര്‍ധിപ്പിക്കാന്‍ ഒമ്പത് വര്‍ഷമെടുത്തുവെന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ 2024ലെ ബിസിനസിലേക്ക് തിരിച്ചുപോകുമെന്നും കത്തിലുണ്ട്.