image

29 Jun 2023 6:42 AM GMT

Travel & Tourism

ടൈറ്റനില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; യുഎസ് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും

MyFin Desk

remains found on titan
X

Summary

  • വെള്ളപ്പൊക്കം, കൊടുങ്കാറ്റ് പോലെയുള്ളവയാണ് കാറ്റസ്‌ട്രോഫിക് ലോസ്
  • അപടകത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്
  • യുഎസ് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും


അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്നും കണ്ടെടുത്ത ടൈറ്റന്‍ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് ജൂണ്‍ 28 ബുധനാഴ്ച അറിയിച്ചു.

ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കിഴക്കന്‍ കാനഡയില്‍ എത്തിച്ചിരുന്നു. ഇവ ഇനി അമേരിക്കയില്‍ കൊണ്ടുപോയതിനു ശേഷം അവിടെ വച്ച് യുഎസ് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും.

പേടകത്തില്‍ അഞ്ച് പേരാണ് സഞ്ചരിച്ചത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ വച്ച് പേടകം അപകടത്തില്‍പ്പെടുകയായിരുന്നു.

അപടകത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാറ്റസ്‌ട്രോഫിക് ലോസ് (catastrophic loss) അഥവാ വിനാശകരമായ നഷ്ടം ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ടെന്ന് യുഎസ് അന്വേഷണ സംഘത്തിന്റെ ക്യാപ്റ്റന്‍ ജേസന്‍ ന്യുബൗവര്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് പോലെയുള്ളവയിലുണ്ടാകുന്ന അപകടങ്ങളെയാണ് കാറ്റസ്‌ട്രോഫിക് ലോസ് എന്ന് വിളിക്കുന്നത്. ഇവിടെ സമുദ്രത്തിന്റെ അടിത്തട്ടിലുണ്ടായ അപകടത്തെയും ഈ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടത്തിന് സമീപം തിരച്ചില്‍ നടത്താന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ റിമോട്ടായി പ്രവര്‍ത്തിക്കുന്ന ഒരു ROV വാഹനം ഉണ്ട്. ഹൊറൈസണ്‍ ആര്‍ട്ടിക് എന്ന കനേഡിയന്‍ കപ്പലാണ് ആ വാഹനത്തെ വഹിക്കുന്നത്.

മസാച്യുസെറ്റ്സിലും ന്യൂയോര്‍ക്കിലും ഓഫീസുകളുള്ള കമ്പനിയായ പെലാജിക് റിസര്‍ച്ച് സര്‍വീസസാണ് ROV-യുടെ ഉടമസ്ഥര്‍. ഇവര്‍ ബുധനാഴ്ച (ജൂണ്‍ 28) തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ടൈറ്റനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്നും 12500 അടി താഴ്ചയില്‍ നിന്നാണ് കണ്ടെടുത്തത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് 488 മീറ്റര്‍ അകലെയുമായിരുന്നു ടൈറ്റന്റെ അവശിഷ്ടം കണ്ടെത്തിയത്.

ജൂണ്‍ 18-ന് യാത്ര തിരിച്ച ടൈറ്റന്‍ ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിച്ചത് ജൂണ്‍ 22-നാണ്.