image

13 Jan 2023 6:22 AM GMT

Travel & Tourism

51 ദിവസത്തെ കപ്പല്‍ യാത്ര, ഒരാള്‍ക്ക് ചെലവ് 20 ലക്ഷം രൂപ, എംവി ഗംഗാ വിലാസിന് ഇന്ന് ഫ്‌ളാഗ് ഓഫ്

MyFin Desk

MV Ganga Vilas
X

Summary

  • 3 മേല്‍ത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.


ലക്‌നൗ: രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്ന ലോകത്തിലെ ഏറ്റവും വലിയ നദീയാത്രാ പദ്ധതിയ്ക്ക് ഇന്ന് തുടക്കമാവും. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീയാത്രാ കപ്പലായ എംവി ഗംഗാ വിലാസ് യുപിയിലെ വാരണാസിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രവിദാസ് ഘട്ടില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിക്കുക.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് വാരണാസിയില്‍ നിന്നുള്ള ആഡംബര യാത്ര പിന്നിടുന്നത്. 31 യാത്രക്കാര്‍ 50 സ്ഥലങ്ങളിലൂടെ 51 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര പുറപ്പെടും. 3 മേല്‍ത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ജിം, സ്പാ സെന്റര്‍, ലൈബ്രറി എന്നിവയും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലില്‍ യാത്ര ആരംഭിക്കുന്നത്. 31 യാത്രക്കാര്‍ക്കൊപ്പം 41 ജീവനക്കാരും കപ്പലിലുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഗംഗാ വിലാസ് പദ്ധതി കൂടുതല്‍ മത്സരാധിഷ്ഠിതമായിരിക്കുമെന്നും, വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി സര്‍വാനന്ദ സോനോവാള്‍ പറഞ്ഞു.

ഒരാള്‍ക്ക് ചെലവ് 20 ലക്ഷം രൂപ വരെ

എംവി ഗംഗാ വിലാസ് കപ്പലില്‍ ഒരു ദിവസം യാത്ര ചെയ്യുന്നതിന് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വേണ്ടി വരും. ഇത്തരത്തില്‍ 51 ദിവസത്തെ യാത്രയ്ക്കായി ഒരാള്‍ക്ക് 20 ലക്ഷം രൂപ വരെ ചെലവ് വരുമെന്നും കപ്പലിന്റെ ഡയറക്ടറായ രാജ് സിംഗ് പറയുന്നു.

ഒട്ടും തന്നെ മലിനീകരണം ഉണ്ടാക്കാത്ത കപ്പലാണിതെന്നും കുറഞ്ഞ ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന വിധം നോയിസ് കണ്‍ട്രോള്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗാ നദിയിലേക്ക് കപ്പലില്‍ നിന്നുള്ള വേസ്്റ്റുകള്‍ ഒഴുകില്ലെന്ന് മാത്രമല്ല, ഗംഗാജലം ശുദ്ധീകരിച്ച് കപ്പലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും വിധം പ്രത്യേക പ്യൂരിഫയറും ഇതില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.