6 Jun 2023 5:58 AM GMT
Summary
- ഒരു വര്‍ഷം 133 ശതമാനം നേട്ടം
- ഓഹരി വില 52 ആഴ്ചത്തെ ഉയര്‍ന്നനിലയില്‍
- വിപണിമൂല്യം 3000 കോടി കടന്നു
നീണ്ട അവധിക്കാലം കഴിഞ്ഞു. ഇനി മണ്‍സൂണ്‍ കാലം. സ്‌കൂളുകള്‍ തുറന്നു. സ്‌കൂളുകളിലെ ട്രിപ്പ് മൂഡും ഓണ്‍ ആവാനായി. പറഞ്ഞുവരുന്നത് വിനോദങ്ങളില്‍ ബിസിനസ് നടത്തുന്നൊരു കമ്പനിയെപ്പറ്റിയാണ്. കേരളത്തിന്റെ സ്വന്തം വണ്ടര്‍ലാ.
ഇന്ത്യയില്‍ ചെയ്ന്‍ സംവിധാനത്തില്‍ ഇതുപോലൊന്ന് മാത്രം! കൊച്ചിക്ക് പുറമെ, ബംഗളൂരുവിലും ഹൈദരാബാദിലും പടുകൂറ്റന്‍ വാട്ടര്‍തീം, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍.
രാജ്യത്താകമാനം 170 പാര്‍ക്കുകള്‍ ഉണ്ടെങ്കിലും വണ്ടര്‍ലായോളം എത്തില്ല. ചെറുകിടക്കാരോ, പ്രാദേശിക ഉടമകളോ നടത്തുന്നതാണ് മറ്റെല്ലാ പാര്‍ക്കുകളും. വണ്ടര്‍ലായുടെ കാര്യം അങ്ങനെയല്ല. ഒരു പാന്‍ ഇന്ത്യന്‍ ടച്ചുണ്ട്.
നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് വണ്ടര്‍ലായുടെ ആകാശത്തിലൂടെ നെഞ്ചു കലക്കുന്ന റോളര്‍ കോസ്റ്ററിനെപ്പറ്റിയല്ല. സ്യൂം... എന്ന് അതിവേഗത്തില്‍ വിടുമ്പോള്‍ ശരീരം ആവിയായിപ്പോകുന്ന വാട്ടര്‍ സ്ലൈഡുകളെപ്പറ്റിയുമല്ല. ഇന്‍വെസ്റ്റര്‍മാര്‍ക്ക് ഇന്ററസ്റ്റുള്ള കുറച്ച് കാര്യങ്ങളാണ്.
അല്‍പ്പം നിക്ഷേപ കാര്യങ്ങള്‍
2014 ലാണ് വണ്ടര്‍ലാ ലിസ്റ്റ് ചെയ്യുന്നത്. പക്ഷേ, ആറു വര്‍ഷത്തേക്ക് വണ്ടര്‍ലായിലെ അത്ഭുതങ്ങളൊന്നും മാര്‍ക്കറ്റില്‍ സംഭവിച്ചില്ല. തളര്‍ന്നു പോവുകയും കഷ്ടിച്ച് 9 % വാര്‍ഷിക റിട്ടേണ്‍ കൊടുക്കുകയും ചെയ്തു. നിക്ഷേപകര്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് ബിസിനസ് അത്ര ബോധിച്ചില്ലെന്ന് ചുരുക്കം. രാജ്യത്ത് ഇതിന്റെ വികസന സാധ്യതകള്‍ തുറന്നുകാട്ടി ബ്രോക്കറേജുകള്‍ തുടരെത്തുടരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടെങ്കിലും കാര്യങ്ങള്‍ തഥൈവ തന്നെ!
കാര്യങ്ങള്‍ മാറിമറിയുന്നു
നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ആറു വര്‍ഷത്തിനു ശേഷമുള്ള വണ്ടര്‍ലാ കാഴ്ച. കഴിഞ്ഞ വര്‍ഷം ഷെയര്‍പ്രൈസ് 125% വര്‍ധിച്ചു. എല്ലാത്തിനും കൊവിഡിനോട് നന്ദി പറയേണ്ടു.
2021, 2022 സാമ്പത്തിക വര്‍ഷം കൊറോണ കൊണ്ടുപോയി. നേരാംവണ്ണം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത കാലത്ത് സ്വിമ്മിംഗ് പൂളില്‍ പോയി കുളിക്കുന്ന കാര്യം ചിന്തിക്കേണ്ടല്ലോ. പക്ഷേ, 2023 സാമ്പത്തിക വര്‍ഷം നേര്‍വിപരീത ഫലം. റിവേഞ്ച് ടൂറിസം വന്നു. ആളുകള്‍ വിനോദത്തിനായി വീടുവിട്ടോടി. വണ്ടര്‍ലായുടെ വരുമാനം (2020 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന്) 60 % വര്‍ധനവുണ്ടായി. പാര്‍ക്കുകളിലെ സന്ദര്‍ശകരുടെ എണ്ണം 40 % കൂടി.
കാലയളവ് നേട്ടം
കൊറോണ വരുത്തിയ മാറ്റം
കൊറോണ ഇന്ത്യക്കാരെ ഒരു പുതിയ ശീലത്തിലേക്ക് തള്ളിവിട്ടുവെന്നാണ് പലരും പറയുന്നത്. വിനോദത്തിനായി കൂടുതല്‍ ചെലവഴിക്കാന്‍ അവര്‍ തയ്യാറാവുന്നു. ചൈനയില്‍ 11% ആണ് വിനോദത്തിനായി ആളുകള്‍ ചെലവഴിക്കുന്നത്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടേത് 3% മാത്രം. ഇത് കൂടാന്‍ പോവുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷ പങ്കുവെക്കുന്നത്.
വണ്ടര്‍ലായുടെ വ്യാപനം
അത്ര എളുപ്പമുള്ള കാര്യമല്ല, പാര്‍ക്കുകള്‍ സ്ഥാപിക്കുകയെന്നത്. വലിയ രീതിയില്‍ സ്ഥലം വേണം, അതു തന്നെ സിറ്റിയോട് ചേര്‍ന്നു വേണം. മികച്ച ഉപകരണങ്ങള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യണം. അവിടെയാണ് വണ്ടര്‍ലായുടെ വ്യാപനത്തിന് ആക്കം കൂടുന്നത്. തങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങളുടെ 30 % ഇന്‍ഹൗസ് ആയി തന്നെ നിര്‍മിക്കാന്‍ വണ്ടര്‍ലാ സജ്ജമാണിപ്പോള്‍. ഇതിന്റെ പ്രധാന ഗുണമെന്താണെന്ന് വെച്ചാല്‍, മെയിന്റൈനന്‍സിന് വേണ്ടിയും പുറത്തുനിന്ന് ആളുകളെ വേണ്ടിവരില്ല. ഇതെല്ലാം ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
സ്ഥലമേറ്റെടുപ്പിലും പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് വണ്ടര്‍ലാ. പാര്‍ക്ക് വന്നാലുള്ള മെച്ചങ്ങള്‍ ചൂണ്ടിക്കാണിച്ച്, സാര്‍ക്കാരുകളെ ബോധ്യപ്പെടുത്തി 99 വര്‍ഷത്തിന് പാട്ടത്തിനെടുക്കുന്ന രീതി അവലംബിക്കുകയാണ്. 2016ല്‍ ഹൈദരാബാദില്‍ സ്ഥാപിച്ച വണ്ടര്‍ലായുടെ ചെലവിന്റെ 40% സ്ഥലത്തിനായിരുന്നു. എന്നാല്‍ പുതുതായി ഭുവനേശ്വറില്‍ വരുന്ന സ്ഥലം പാട്ടത്തിനെടുക്കുകയാണ് വണ്ടര്‍ലാ ചെയ്തത്.
ഭുവനേശ്വറില്‍ കൂടി പാര്‍ക്ക് തുറന്നാല്‍, ഈ രംഗത്തെ രാജ്യത്തെ ഏകാധിപത്യമാണ് വണ്ടര്‍ലായുടേത്. അതോടൊപ്പമെത്താന്‍ മറ്റൊരു കമ്പനി ഉടനെ ജനിക്കാന്‍ സാധ്യത കുറവ് തന്നെയാണ്. വളരെ വേഗം ഇതൊക്കെ ചെയ്‌തെടുക്കല്‍ എളുപ്പമല്ലെന്ന് തന്നെയാണ് കാര്യം. അതുകൊണ്ടു തന്നെ വണ്ടര്‍ലായുടെ നല്ല കാലം തുടരുമെന്നാണ് നിക്ഷേപകര്‍ കണക്കുകൂട്ടുന്നത്. നിക്ഷേപകരുടെ കണ്ണ് വണ്ടര്‍ലായില്‍ ഉടക്കാനും അതു തന്നെയാണ് കാരണം.