24 Jun 2023 7:29 AM GMT
ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടം വിദേശരാജ്യങ്ങളിലേക്ക്; 2 പുതിയ കോണ്‍സുലേറ്റുകള്‍ തുറന്ന് യുഎസ്
MyFin Desk
Summary
- ഒരു ദശലക്ഷത്തിലധികം വിസകള്‍ പ്രോസസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ യുഎസ് എംബസികള്‍
- 2022-ല്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ ഉറവിടമായി ഇന്ത്യ മാറി
- 2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍, ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള യാത്രക്കാരുടെ എണ്ണം കോവിഡ്-19ന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍
കൂടുതല്‍ ഇന്ത്യക്കാര്‍ വിദേശത്തേക്ക്, പ്രത്യേകിച്ച് യുഎസ്സിലേക്ക് യാത്ര ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ട്. ടൂറിസം കണ്‍സള്‍ട്ടന്‍സിയായ ഐപികെ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ ബെംഗളുരുവിലും അഹമ്മദാബാദിലുമായി രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ തുറന്നു കൊണ്ടു ടൂറിസം രംഗത്തുണ്ടായ പുതിയ കുതിച്ചുചാട്ടം നേട്ടാമാക്കാന്‍ യുഎസ്സും തയാറെടുക്കുകയാണ്.
ഇത് ആദ്യമായി, 2022-ല്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ ഉറവിടമായി ഇന്ത്യ മാറി. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം കൂടുതലായിരുന്നു.
2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍, ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്കുള്ള യാത്രക്കാരുടെ എണ്ണം കോവിഡ്-19ന് മുമ്പുള്ളതിനേക്കാള്‍ കൂടുതലായെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.
മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ചൈന ഇക്കാര്യത്തില്‍ പിന്നിലാണെന്നും ഡാറ്റ സൂചിപ്പിച്ചു.
യുഎസ് സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ കൂടുതലും ഇന്ത്യയില്‍നിന്നുള്ളവരാണ്. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യ എത്തുകയും ചെയ്തു.2019ല്‍ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.
2019-ല്‍ അനുവദിച്ചതിന്റെ 44 ശതമാനത്തിലധികം നോണ്‍-ഇമിഗ്രന്റ് വിസകള്‍ 2023-ല്‍ ഇന്ത്യയിലെ യുഎസ് എംബസികളും കോണ്‍സുലേറ്റ്‌സും ഇതിനോടകം അനുവദിച്ചു.
ഈ വര്‍ഷം ഒരു ദശലക്ഷത്തിലധികം വിസകള്‍ പ്രോസസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ യുഎസ് എംബസികള്‍.
ട്രാവല്‍ ഡാറ്റാ സ്ഥാപനമായ ഫോര്‍വേഡ് കീസ് പറയുന്നതനുസരിച്ച്, 2023-ന്റെ അവസാന പാദത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് കോവിഡ്-19 പാന്‍ഡെമിക്കിന് മുമ്പുള്ള തോതിനെക്കാള്‍ 26 ശതമാനം കൂടുതലാണ്.
എയര്‍ ഇന്ത്യ അടുത്തിടെ മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ബെംഗളൂരുവില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചിരുന്നു.
പഠനത്തിനോ ജോലിക്കോ വേണ്ടി യുഎസില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. അതിനാല്‍ അവരുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങളും വര്‍ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ പ്രസിഡന്റ് രാജീവ് മെഹ്‌റ പറഞ്ഞു.