image

3 Jun 2023 5:29 AM GMT

Travel & Tourism

സംസ്ഥാനങ്ങളില്‍ ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും

Sunil G

സംസ്ഥാനങ്ങളില്‍ ഇന്‍വെസ്റ്റ് ഇന്ത്യ  ഡെസ്‌ക്കുകള്‍ സ്ഥാപിക്കും
X

Summary

  • ഈ സംവിധാനം വിദേശ,ആഭ്യന്തര നിക്ഷേപകരെ സഹായിക്കും
  • പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാകും
  • ഗോവയിലെ ടൂറിസം പ്രോത്സാഹനത്തിന് വര്‍ക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കും


ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലെ ഉദ്യോഗസ്ഥരെ 'ഇന്‍വെസ്റ്റ് ഇന്ത്യ'യിലേക്ക് മാറ്റുന്നു. നിക്ഷേപങ്ങളെയും കയറ്റുമതിയെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സംവിധാനം.

ആരും ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ലാത്ത രീതിയില്‍ ഡിജിഎഫ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തില്‍ പനാജിയില്‍ വ്യവസായ മേധാവികളുമായി സംവദിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിദേശ നിക്ഷേപകരെ സഹായിക്കുന്ന ഇന്‍വെസ്റ്റ് ഇന്ത്യ ഇനി ആഭ്യന്തര നിക്ഷേപകരെയും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍വെസ്റ്റ് ഇന്ത്യ കൂടുതല്‍ നിക്ഷേപവും വ്യവസായങ്ങള്‍ തമ്മിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കും. മാച്ച് മേക്കിംഗും അവര്‍ നടത്തും-ഗോയല്‍ വിശദമാക്കി.

ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സെക്ടറിന്റെ നാലോ അഞ്ചോ ഹബ്ബുകള്‍ സൃഷ്ടിക്കാന്‍ തന്റെ മന്ത്രാലയം 20-30 പ്രമുഖ ഫാര്‍മ കമ്പനികളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ, ഗുജറാത്ത്, ഹൈദരാബാദ് (തെലങ്കാന), ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഫാര്‍മ വ്യവസായങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ശ്രമിക്കും.

വ്യവസായ മേധാവികളോട് യുക്തിസഹമായ നിഗമനത്തിലെത്താന്‍ രേഖാമൂലം നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി ഉടന്‍ ഒരു കൂടിക്കാഴ്ച നടത്തും. അവരെ ഗോവയിലേക്ക് കൊണ്ടുവരുന്നതിന് എന്താണ് വേണ്ടതെന്ന് പരിശോധിക്കുകയും ചെയ്യും.

സിനിമ മേഖലക്ക് ചിത്രീകരണത്തിന് ഗോവയെക്കാള്‍ മികച്ച സ്ഥലം അവര്‍ക്ക് ലഭിക്കില്ലെന്ന് മന്ത്രി പറയുന്നു. ഗോവയില്‍ മലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതകള്‍ സര്‍ക്കാര്‍ കാണുന്നുണ്ട്.

മനോഹരമായ ബീച്ചുകളും ഊഷ്മളമായ ആതിഥ്യമര്യാദയും ഗോവയെ ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

ഇത് പരമാവധി വരുമാന സാധ്യതയും നല്‍കുന്ന ഒന്നാണ്-അദ്ദേഹം പറഞ്ഞു.

ഹോം സ്റ്റേകള്‍ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലം ബീച്ചുകളുടെ ഈ പറുദീസയാണ്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നയം കൊണ്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് മുദ്ര ലോണ്‍ ലഭിക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണിത്. ഇന്ത്യന്‍ വിനോദസഞ്ചാരികളേക്കാള്‍ വിദേശ വിനോദസഞ്ചാരികള്‍ ഇവിടം ഇഷ്ടപ്പെടുന്നു.

ടൂറിസം സംസ്ഥാനം മികച്ച രീതിയില്‍ വിപണനം ചെയ്താല്‍ മേഖലയില്‍നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താനും കൂടുതല്‍ ആഗോള വിനോദ സഞ്ചാരികളെ ആര്‍ഷിക്കുന്നതിനും സാധിക്കും.

സംസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവയുടെയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാലിദ്വീപിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇന്ത്യന്‍ മഹാസമുദ്ര രാഷ്ട്രം സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെന്നും ലക്ഷ്യസ്ഥാനം പ്രമോട്ട് ചെയ്യുന്നതിനായി അവധിക്കാലത്ത് അവിടെയെത്താന്‍ സിനിമാതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.