image

16 Jun 2023 8:31 AM GMT

Travel & Tourism

ജമ്മുവിന്റെ പുതിയ മുഖം; മുള കിയോസ്‌കുകള്‍ ഉയരുന്നു

MyFin Desk

bamboo kiosks are rising the new face of jammu kashmir
X

Summary

  • നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യം
  • പദ്ധതി വിജയിച്ചാല്‍ നഗരത്തിലുടനീളം കിയോസ്‌കുകള്‍ വരും
  • ഓരോ മുളംങ്കുടിലിനും അറുപതിനായിരം രൂപയാണ് വില


സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴില്‍ ജമ്മുവില്‍ പരിസ്ഥിതി സൗഹൃദ മുള കിയോസ്‌ക്കുകള്‍ ഉയരുന്നു.ജമ്മു ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റോഡരികില്‍ ഇത്തരത്തിലുള്ള നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ എട്ടു കിയോസ്‌കുകളാണ് ജമ്മു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് (ജെഎസ്സിഎല്‍)നിര്‍മ്മിക്കുന്നത്.

നഗരത്തിന് പുതിയ മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ജമ്മുവില്‍ നടക്കുന്നു.

നഗരത്തെ ആകര്‍ഷകവും പൗരസൗഹൃദവും സുസ്ഥിരവുമാക്കുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മുള കിയോസ്‌കുകള്‍. നിര്‍മ്മാണത്തിന് ശേഷം ഒരു സ്മാര്‍ട്ട് വെന്‍ഡിംഗ് സോണ്‍ സ്ഥാപിക്കുന്നതിനായി കിയോസ്‌കുകള്‍ ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന് കൈമാറുമെന്ന് ജെഎസ്സിഎല്ലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) രാഹുല്‍ യാദവ് പറഞ്ഞു.

പദ്ധതിയുടെ വിജയത്തിന് ശേഷം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ മുള കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നതനുസരിച്ച്, ജമ്മു കാശ്മീരിലുടനീളം മുളയുടെ വലിയ ശേഖരം വ്യാപിച്ചുകിടക്കുകയാണ്. അവ പര്യവേക്ഷണം ചെയ്യപ്പെടാതെയും ഉപയോഗിക്കാതെയും അവശേഷിക്കുന്നു.

മുളകൊണ്ടുള്ള കൊട്ടകള്‍, അഗര്‍ബത്തി, ബാംബൂ ചാര്‍ക്കോള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 2020-ല്‍ ജമ്മു, കത്ര, സാംബ പ്രദേശങ്ങളില്‍ മൂന്ന് മുള ക്ലസ്റ്ററുകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി അനുമതി നല്‍കിയിരുന്നു.

മുള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍ വഴി യുവാക്കള്‍ക്ക് ഈ മേഖലയിലെ വലിയ സംരംഭകത്വ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാമെന്നും ജമ്മു നഗരത്തില്‍ മുള സംബന്ധിച്ച വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ച സിംഗ് പറഞ്ഞു.

ജമ്മുവിലെ ചുട്ടുപൊള്ളുന്ന വെയിലിലാണ് തൊഴിലാളികള്‍ ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ മേല്‍പ്പാലത്തിന്റെയും മറ്റും തണലിലും തൊഴിലാളികള്‍ മുളവടികള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ജോലിപൂര്‍ത്തിയാക്കി ഉടമസ്ഥാവകാശം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിയോസ്‌കുകളുടെ നിര്‍മ്മാണത്തിനായി ആസാമില്‍നിന്നും മുള വസ്തുക്കള്‍ കൊണ്ടുവന്നതായി തൊഴിലാളികള്‍ പറഞ്ഞു. ഇത് വാട്ടര്‍ പ്രൂഫും കാറ്റിനെ പ്രതിരോധിക്കുന്നതുമാണ്. നിര്‍മ്മാണത്തിനായി ഇരുമ്പും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോളിത്തീന്‍, ഫൈബര്‍ഷീറ്റുകളും നിര്‍മ്മാണ വസ്തുക്കളില്‍ പെടുന്നു.

സ്വകാര്യ മേഖലയില്‍, തങ്ങളുടെ സ്ഥാപനം രജൗരിയിലും കത്ര ബേസ് ക്യാമ്പിലും വിവിധ സ്ഥലങ്ങളില്‍ റെസ്റ്റോറന്റുകളും കുടിലുകളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് രാഹുല്‍ യാദവ് പറഞ്ഞു.

റിയാസി ജില്ലയിലുള്ള ത്രികുട മലനിരകളിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഈ നിര്‍മ്മിതികളെല്ലാം. അതേസമയം നഗരത്തിലുടനീളം ഇത്തരത്തിലുള്ള 28 കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജെഎസ്സിഎല്‍ പദ്ധതിയിടുന്നതായി പദ്ധതിയെക്കുറിച്ച് പരിചയമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓരോ മുള കുടിലിനും 60,000 രൂപയാണ് വില. ആദ്യ എട്ട് കുടിലുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ജെഎംസി ലേലം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലുള്ള ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ബാക്കി കിയോസ്‌കുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

ഷോപ്പ് ശൈലിയിലുള്ള കുടിലുകള്‍ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാന്‍ എളുപ്പമാണ്. ഇവ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാതെ പൊളിക്കാനും വീണ്ടും കൂട്ടിച്ചേര്‍ക്കാനും കഴിയും. 25 വര്‍ഷമാണ് ഇവയുടെ ആയുസ്. തേയ്മാനം മറികടക്കാന്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പെയിന്റിംഗ് ആവശ്യമാണ്.

നഗരം ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോകുകയാണെന്നും അതിന്റെ ഭാഗമാണ് മുള കുടിലുകളെന്നും ജമ്മു മേയര്‍ രജീന്ദര്‍ ശര്‍മ പറഞ്ഞു.