21 July 2023 7:49 AM GMT
Summary
- 2019ല്‍ വിനോദസഞ്ചാരം നേടിയത് 2.1 ട്രില്യണ്‍ രൂപയുടെ വിദേശനാണ്യം
- ഈ വര്‍ഷം ആദ്യനാലുമാസം ഏറ്റവുമധികം സഞ്ചാരികള്‍ ബംഗ്ലാദേശില്‍നിന്ന്
- ഈ കാലയളവില്‍ 84.73 ലക്ഷം ഇന്ത്യക്കാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തു
ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ധന. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 31.33 ലക്ഷം വിദേശികള്‍ രാജ്യം സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. എന്നാല്‍ 2019ലെ കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ കുറവാണിത്. താരതമ്യപ്പെടുത്താവുന്ന കാലയളവില്‍ സഞ്ചാരികളുടെ വരവ് 39.54 ലക്ഷമായിരുന്നു.
2022 ലെ ഇതേ കാലയളവിലെ 23,584 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ വര്‍ഷം നാല് മാസ കാലയളവില്‍ ടൂറിസത്തില്‍ നിന്നുള്ള വിദേശനാണ്യ വരുമാനം 71,235 കോടി രൂപയായി ഉയര്‍ന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
2019ല്‍ ഇന്ത്യ വിനോദ സഞ്ചാരത്തിലൂടെ നേടിയത് 2.1 ട്രില്യണ്‍ രൂപയുടെ വിദേശനാണ്യമാണ്. ഇത് പ്രതിവര്‍ഷം 8.3% വര്‍ധിച്ചു. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ടൂറിസം വ്യവസായത്തില്‍ നിന്നുള്ള 2019 ലെ വിദേശനാണ്യ വരുമാനം കൈവരിക്കാനോ അത് മറികടക്കാനോ ഇന്ത്യക്ക് കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഈ രംഗത്ത് രാജ്യം മികച്ച നിലയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശില്‍ നിന്നും രാജ്യം സന്ദര്‍ശിച്ച വിനോദസഞ്ചാരികള്‍ 21.9ശതമാനമായിരുന്നു. തൊട്ടുപിന്നില്‍ യുഎസാണ് ഉള്ളത്. അവിടെനിന്നും 16.3ശതമാനം പേര്‍ ഇന്ത്യ സന്ദര്‍ശിച്ചു. രാജ്യം സന്ദര്‍ശിച്ച മൊത്തം സഞ്ചാരികളുടെ 10.3ശതമാനം യുകെയില്‍ നിന്നായിരുന്നു. കാനഡയില്‍നിന്ന് അഞ്ച്ശതമാനവും ഓട്രേലിയയില്‍നിന്ന് 4.5ശതമാനം സഞ്ചാരികളും ഇന്ത്യയിലെത്തി. രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി വിശദമാക്കിയതാണ് ഈ കണക്കുകള്‍.
ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നിന്ന് ലഭിച്ച താല്‍ക്കാലിക ഡാറ്റ അനുസരിച്ച്, 2023 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രാജ്യം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകള്‍(എഫ്ടിഎ) 2019 ലെ ഇതേ കാലയളവിലെ എഫ്ടിഎയുടെ 79 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു.
ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയോടെ ഈ വര്‍ഷം ടൂറിസത്തിന് പുതിയ ഉണര്‍വ് ലഭിച്ചു.ഇത് രാജ്യത്തുടനീളമുള്ള 60 ലധികം സ്ഥലങ്ങളില്‍ ആസൂത്രണം ചെയ്ത 200-ലധികം മീറ്റിംഗുകള്‍ക്കും ഇവന്റുകളിലേക്കും നയിച്ചു.
ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ വന്ന വിദേശികളില്‍ ഏകദേശം 23.7% ഇന്ത്യന്‍ പ്രവാസികളാണ്.ധാരാളം യാത്രക്കാര്‍, ഏകദേശം 50%, ഒരു അവധിക്കാലത്തിനോ വിനോദത്തിനോ വേണ്ടി വന്നവരാണ്. ഏകദേശം 11% പേര്‍ പ്രൊഫഷണല്‍ കാരണങ്ങളാല്‍ വന്നവരാണ്. ഈ സമയത്ത് ഏകദേശം 6% സന്ദര്‍ശകര്‍ മെഡിക്കല്‍ ടൂറിസത്തിനായും വന്നു.
ഈ കാലയളവില്‍ 84.73 ലക്ഷം ഇന്ത്യക്കാര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തു, ഒരു വര്‍ഷം മുമ്പ് ഇത് 53.21 ലക്ഷവും 2019 ല്‍ 87.96 ലക്ഷവും ആയിരുന്നു. ഇന്ത്യന്‍ സഞ്ചാരികളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആയിരുന്നു, 26.48% വിനോദസഞ്ചാരികള്‍ അവിടേക്ക് പോകുന്നു. സൗദി അറേബ്യ (11.10%), യുഎസ് (7.58%), തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഏകദേശം 5% വീതം എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.