28 Aug 2023 11:18 AM GMT
Summary
- അതിവേഗ വളര്‍ച്ച കൈവരിക്കുന്ന മേഖലയാണ് വിനോദസഞ്ചാരം
- ഓട്ടോമൊബൈല്‍, ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം എന്നിവയും ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
2030 ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസം മേഖലമാത്രം 20 ട്രില്യണ്‍ രൂപ സംഭാവന ചെയ്യുമെന്നും 130-140 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലാണെന്നും ഇത് യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 51,000-ത്തിലധികം യുവാക്കള്‍ക്ക് നിയമനകത്തുകള്‍ വിതരണം ചെയ്ത 'റോസ്ഗര്‍ മേള'യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓട്ടോമൊബൈല്‍, ഫാര്‍മ, ടൂറിസം, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകള്‍ അതിവേഗം വളരുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ദശകത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉയര്‍ന്നുവരുമെന്നും സാധാരണക്കാര്‍ക്ക് നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എല്ലാ മേഖലയും വികസിക്കേണ്ടതുണ്ട്. ഭക്ഷണം മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെ. ബഹിരാകാശം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ. എല്ലാ മേഖലയും പുരോഗമിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥ വളരും,' അദ്ദേഹം പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഈ മേഖലയ്ക്ക് ഇപ്പോള്‍ നാല് ട്രില്യണ്‍ രൂപ മൂല്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് 2030 ഓടെ 10 ട്രില്യണ്‍ രൂപയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദശകത്തില്‍ ഫാര്‍മ വ്യവസായത്തിനും ധാരാളം യുവാക്കളെ ആവശ്യമുണ്ട്. ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും-മോദി വ്യക്തമാക്കി.
ഓട്ടോമൊബൈല്‍ മേഖലയും വളര്‍ച്ചയുടെ പാതയിലാണ്. അത് മുന്നോട്ട് കൊണ്ടുപോകാന്‍ യുവശക്തി ആവശ്യമാണ്. ഈ രംഗത്തും വര്‍ധിച്ച തൊഴിലവസരങ്ങളാണ് ഉണ്ടാകുകയെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിന്റെ ഉദാഹരണം എടുത്ത്, സംസ്ഥാനത്തെ മികച്ച ഭരണം നിയമവാഴ്ച സ്ഥാപിക്കുന്നതിലേക്ക് നയിച്ചതായും ഇത് ധാരാളം നിക്ഷേപങ്ങള്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷയുള്ള അന്തരീക്ഷവും നിയമവാഴ്ചയും വികസനം വേഗത്തിലാക്കുകയും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും. ഇത് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ നിക്ഷേപവും തൊഴിലവസരവും ചുരുങ്ങുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.