1 Dec 2022 12:17 PM GMT
പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിച്ചത് ടൂറിസം മേഖലയെ നയിച്ചു: മന്ത്രി റിയാസ്
MyFin Bureau
Summary
- കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടല്‍, റിസോര്‍ട്ട്, ആയുര്‍വേദ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് റഷ്യയില്‍ നിന്നും ബയര്‍മാരെ ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
- വിനോദ സഞ്ചാര മേഖലയിൽ കോവിഡ് മൂലം ഉടലെടുത്ത പ്രതിസന്ധികൾ വേഗത്തിൽ മറികടക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിത്.
തിരുവനന്തപുരം : രാജ്യത്തെ ടൂറിസം വ്യവസായ രംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കാൻ ഇന്‍ഡോ-റഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറിനാകുമെന്ന് ടൂറിസം മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡാനന്തര ടൂറിസം വികസനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് റഷ്യന്‍ ഫെഡറേഷന്‍ ഹോണററി കോണ്‍സുലേറ്റ്, റഷ്യന്‍ ഹൗസ്, റഷ്യന്‍ എംബസി, എന്നിവരുമായി സംയുക്തമായാണ് ഫെയര്‍ സംഘടിപ്പിച്ചത്.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടല്‍, റിസോര്‍ട്ട്, ആയുര്‍വേദ, പുരവഞ്ചി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് റഷ്യയില്‍ നിന്നും ബയര്‍മാരെ ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇൻഡോ- റഷ്യൻ ടൂറിസം മേഖലകളിൽ വിദക്തരായ വ്യക്തികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആശയവിനിമയവും ചർച്ചകളും പരിപാടിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയിൽ കോവിഡ് മൂലം ഉടലെടുത്ത പ്രതിസന്ധികൾ വേഗത്തിൽ മറികടക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിത്. അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചതും നിലവിലുള്ള കേന്ദ്രങ്ങളെ ആഗോളനിലവാരത്തിൽ എത്തിച്ചതുമാണ് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളം തിരിച്ചുവരാൻ കാരണമായതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സംസ്കാരവും ആതിഥേയത്വവും, ടൂറിസം മേഖലയിൽ പ്രകടമാകുന്ന ലോകോത്തര നിലവാരത്തിലുള്ള വികസനങ്ങളുമാണ് ആഗോള സഞ്ചരികളെ കേരളത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സോവിയറ്റ് യൂണിയൻ കാലത്ത് ആരംഭിച്ച ഇന്ത്യൻ റഷ്യൻ ബന്ധം ടൂറിസം വകുപ്പും റഷ്യൻ ഫെഡറേഷനുമായ് സംയുക്തമായി തുടരുന്നതിലൂടെ ദൃഡമായേക്കും. ഇത് ഇരു രാജ്യങ്ങളുടെയും ടൂറിസം ബിസിനസ്സ് മേഖലകൾക്ക് വലിയ മുതൽക്കൂട്ടാകും .റഷ്യയില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം നേരത്തെ തുടങ്ങിയിരുന്നു.അതിന്റെ ഭാഗമായാണ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.