3 April 2025 10:05 AM
Summary
- പ്രതിസന്ധി ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും വിദഗ്ധര്‍
- ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയത് ഉയര്‍ന്ന നികുതി
യുഎസ് തീരുവകള്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് വിദ്ഗധര്‍. എങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഇപ്പോഴും താരതമ്യേന ചെലവ് സംബന്ധിച്ച് നേട്ടമാണ് ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂഡല്‍ഹി ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യക്ക് യുഎസ് നികുതി ചുമത്തിയത്.
'ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള പാദരക്ഷകള്‍ക്കും വസ്ത്രങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഇവ കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകളാണ്. ഇത് ഹ്രസ്വകാലത്തേക്ക് വിലനിര്‍ണയത്തെയും ഡിമാന്‍ഡിനെയും ബാധിക്കും,' അപ്പോളോ ഫാഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഷിറാസ് അസ്‌കരി പറഞ്ഞു.
എന്നിരുന്നാലും, ഇപ്പോള്‍ ഇതിലും ഉയര്‍ന്ന താരിഫ് നേരിടുന്ന വിയറ്റ്‌നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയ്ക്ക് ഇപ്പോഴും ആപേക്ഷികമായി ചെലവില്‍ നേട്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ, ശ്രീലങ്ക, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി തുണി കയറ്റുമതിയില്‍ ഇന്ത്യ ആഗോളതലത്തില്‍ മത്സരിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ കൂടുതല്‍ നികുതിയാണ് യുഎസ് ചുമത്തിയിട്ടുള്ളത്.
ബംഗ്ലാദേശ് 37 ശതമാനം, വിയറ്റ്‌നാം 46 ശതമാനം, കംബോഡിയ 49 ശതമാനം, പാകിസ്ഥാന്‍ 29 ശതമാനം, ചൈന 34 ശതമാനം, ശ്രീലങ്ക 44 ശതമാനം എന്നിങ്ങനെയാണ്. ഇതില്‍ ചൈനക്ക് മുന്‍പുതന്നെ 20 ശതമാനം നികുതി ചുമത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് 36 ബില്യണ്‍ യുഎസ് ഡോളറിലധികം വിലവരുന്ന തുണിത്തരങ്ങള്‍ യുഎസ് വാങ്ങുന്നുണ്ട്. ഇത് ഈ മേഖലയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.
ഈ സാഹചര്യം ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് യുഎസിലെ വിപണി വിഹിതം പിടിച്ചെടുക്കാനും വര്‍ധിപ്പിക്കാനും അവസരമൊരുക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു അപകടസാധ്യതയുമുണ്ട് - ഉയര്‍ന്ന വില കാരണം യുഎസില്‍ ഉപഭോഗത്തില്‍ മാന്ദ്യം ഉണ്ടായാല്‍, മൊത്തത്തിലുള്ള യുഎസ് വിപണി തന്നെ ചുരുങ്ങാന്‍ സാധ്യതയുണ്ട്.
എന്നിരുന്നാലും, തുണി വ്യവസായം മറ്റ് വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.