image

5 Dec 2024 9:39 AM GMT

Textiles

'പുതിയ ജി എസ് ടി നിരക്ക് നിര്‍ദ്ദേശം വസ്ത്ര വ്യവസായത്തിന് താഴിടും'

MyFin Desk

new gst rate proposal will hit garment industry hard
X

Summary

  • നികുതി വര്‍ധിപ്പിക്കുന്നത് ചെറുകിട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ കാരണമാകും
  • ഒരുലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും ക്ലോത്തിംഗ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍


വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി വര്‍ധിപ്പിക്കുന്നത് എം എസ് എം ഇകളുടെ അടച്ചു പൂട്ടലിലേക്ക് നയിക്കുമെന്ന് ക്ലോത്തിംഗ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍. ഇത് ഒരു ലക്ഷത്തോളം തൊഴില്‍ ഇല്ലാതാക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സംഘമാണ് നിരക്ക്-യുക്തിവല്‍ക്കരണ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇതില്‍ വസ്ത്രമേഖലയുടെ ജി എസ് ടി നിരക്കുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു.

പുതിയ ശുപാര്‍ശകള്‍ പ്രകാരം, 1,500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ 5 ശതമാനം ജിഎസ്ടി നിരക്ക് നിലനിര്‍ത്തും. എന്നാല്‍ 1,500 മുതല്‍ 10,000 രൂപ വരെ വിലയുള്ളവക്ക് 18 ശതമാനമായി നിരക്ക് ഉയര്‍ത്തും. 10,000 രൂപയ്ക്ക് മുകളിലുള്ള വസ്ത്രങ്ങള്‍ ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് കീഴില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിക്കുന്നു.

പ്രതികരണമായി, വസ്ത്രവ്യവസായത്തില്‍ ഈ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍, പ്രത്യേകിച്ച് ഉല്‍പ്പാദനം, വിലനിര്‍ണ്ണയം, ഉപഭോക്തൃ ആവശ്യം എന്നിവയിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ (സിഎംഎഐ) ആഴത്തിലുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചു.

നിര്‍ദിഷ്ട ജിഎസ്ടി നിരക്ക് വര്‍ധന റീട്ടെയില്‍ മേഖലയെ തകര്‍ക്കും. ഈ നീക്കം ചില്ലറ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുകയും സത്യസന്ധമല്ലാത്ത വില്‍പ്പനക്കാര്‍ക്കും അനധികൃത വ്യാപാരികള്‍ക്കും പ്രയോജനം ചെയ്യുമെന്നും സിഎംഎഐ പ്രസ്താവനയില്‍ പറഞ്ഞു. നികുതി വര്‍ധിപ്പിക്കുന്നത്് കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പിന്നിംഗ്, നെയ്ത്ത്, വസ്ത്ര നിര്‍മ്മാണം എന്നിവയില്‍ 100,000 വരെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും.

രണ്ട് ദശലക്ഷത്തിലധികം നെയ്ത്തുകാര്‍ ജോലി ചെയ്യുന്നതായ കൈത്തറി മേഖലയ്ക്ക് 25 ശതമാനം വരെ വരുമാനം കുറയും. ഇത് പരമ്പരാഗത ബിസിനസ്സ് മോഡലുകളെയും പരിമിതമായ വിപണി പ്രവേശനത്തെയും കൂടുതല്‍ അപകടത്തിലാക്കും. ഇത്തരം വര്‍ധനവ് കൂടുതല്‍ വിലക്കയറ്റത്തിലേക്കും നയിക്കും. ഇത് സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാകും.

ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രധാനപ്പെട്ട വിവാഹങ്ങളും മറ്റ് സാംസ്‌കാരിക ആഘോഷങ്ങളും സാമ്പത്തികമായി കൂടുതല്‍ ഭാരമുള്ളതായി മാറിയേക്കാം. നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, നിര്‍ദിഷ്ട മാറ്റങ്ങള്‍, അപകടസാധ്യത ഉണ്ടാക്കുന്നു.

ഉപഭോക്തൃ ഡിമാന്‍ഡിലെ ഇടിവ്, ലാഭനഷ്ടം, പ്രവര്‍ത്തന മൂലധന പ്രശ്‌നങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ ഇതിനകം നേരിടുന്ന വസ്ത്ര വ്യവസായത്തിന് ഈ നിര്‍ദ്ദേശങ്ങള്‍ കനത്ത ഭീഷണിയാണ്. ഇത് നടപ്പാക്കിയാല്‍, തൊഴിലിലും സാമ്പത്തിക വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു വ്യവസായത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്താനാകും സഹായിക്കുക.

ജിഎസ്ടി പരിഷ്‌കരണത്തിന് മുമ്പ് അസോസിയേഷന്‍ കൂടിയാലോചനയും ആവശ്യപ്പെട്ടിട്ടുണ്ട്.