8 Jan 2025 3:56 AM GMT
Summary
- കമ്പനി നടപ്പാക്കുന്ന വിവാദമയ തൊഴില്‍ രീതികള്‍ യുകെ പാര്‍ലമെന്റിന്റെ ബിസിനസ് ആന്റ് ട്രേഡ് കമ്മിറ്റി ചോദ്യം ചെയ്തു
- ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഹിയറിംഗ്
- വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനായി ഷെയ്ന്‍, ടെമു എന്നീ കമ്പനി കള്‍ മത്സരിക്കുന്നു
ആഗോള പ്രശസ്തമായ ചൈനീസ് ഫാഷന്‍ കമ്പനി ഷെയ്ന്‍ വിവാദത്തില്‍. കമ്പനി നടപ്പാക്കുന്ന വിവാദമയ തൊഴില്‍ രീതികള്‍ ബ്രിട്ടന്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം ശ്രദ്ധനേടിയത്. നിര്‍ബന്ധിത തൊഴില്‍ ആരോപണങ്ങള്‍ കമ്പനിക്കെതിരെ നിലവിലുണ്ട്. യുകെ പാര്‍ലമെന്റിന്റെ ബിസിനസ് ആന്റ് ട്രേഡ് കമ്മിറ്റിയുടെ ഹിയംഗിലെ ചോദ്യങ്ങളില്‍ നിന്ന് ഷെയ്നിന്റെ അഭിഭാഷകന്‍ ഒഴിഞ്ഞുമാറിയിരുന്നു.
പ്രധാനമായും ചൈനയില്‍ നിന്നുള്ള പരുത്തി അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടനില്‍ വില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കമ്പനി തയ്യാറായില്ല. ചൈനയില്‍ സ്ഥാപിതമായതും ഇപ്പോള്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്നതുമായ കമ്പനിയാണ് ഷെയിന്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ ഹിയറിംഗ് നടന്നത്.
ചൊവ്വാഴ്ചയാണ് പാര്‍ലമെന്റിന്റെ ബിസിനസ് ആന്റ് ട്രേഡ് കമ്മിറ്റി ഷെയ്നിന്റെയും അതിന്റെ എതിരാളിയായ ടെമുവിന്റെയും തൊഴില്‍ വിശദാംശങ്ങള്‍ പരിശോധിച്ചത്.
ചൈനീസ് നിര്‍മ്മിത വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനായി രണ്ട് ആഗോള റീട്ടെയിലര്‍മാരും മത്സരത്തിലാണ്. ഈ കമ്പനികളുടെ ജനപ്രീതി വര്‍ധിച്ചു വരികയുമാണ്. എന്നാല്‍ ഈ കമ്പനികളുടെ ഉല്‍പ്പന്ന നിര്‍മാണ ശൃംഖലകളില്‍ നിര്‍ബന്ധിത തൊഴിലടക്കം നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായാണ് യുകെയുടെ വിമര്‍ശനം. ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ളത് ഉള്‍പ്പെടെ, ഉയ്ഗൂര്‍ വംശീയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ബെയ്ജിംഗ് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
കമ്പനി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ സിന്‍ജിയാങില്‍ നിന്നോ ചൈനയിലെ മറ്റെവിടെ നിന്നെങ്കിലുമുള്ള പരുത്തി ഉള്‍പ്പെടുന്നുണ്ടോ എന്നത് പാശ്ചാത്യ രാജ്യങ്ങള്‍ നിരീക്ഷിക്കുന്ന വസ്തുതയാണ്. ഇത് സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ലണ്ടനിലെ ഷെയ്‌നിലെ ജനറല്‍ കൗണ്‍സല്‍ യിനാന്‍ സു വിസമ്മതിച്ചു. സിന്‍ജിയാങില്‍ നിര്‍ബന്ധിത തൊഴിലാളികള്‍ ഉണ്ടെന്ന് കമ്പനി ഭയപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനും അവര്‍ വിസമ്മതിച്ചു.
പര്‍ലമെന്റ് കമ്മിറ്റിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് അവഹേളനമാണെന്ന് നിയമ നിര്‍മാതാക്കള്‍ കരുതുന്നു.
2012-ല്‍ ചൈനയില്‍ സ്ഥാപിതമായ ഷെയിന്‍ 150 രാജ്യങ്ങളിലേക്ക് ഷിപ്പിംഗ് ചെയ്യുന്ന ഫാസ്റ്റ് ഫാഷനിലെ ആഗോള നേതാവായി അതിവേഗം വളര്‍ന്ന കമ്പനിയാണ്. 2023-ല്‍ യുകെയിലെ ലാഭം ഇരട്ടിയാക്കി, വില്‍പ്പന ഏകദേശം 40% വര്‍ധിച്ച് 1.5 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നതായി ഒക്ടോബറില്‍ ഷെയിന്‍ പറഞ്ഞു.
എന്നാല്‍ കമ്പനിയുടെ നിര്‍ദ്ദിഷ്ട ലണ്ടന്‍ ലിസ്റ്റിംഗ് രാഷ്ട്രീയക്കാരില്‍ ആശങ്കകള്‍ സൃഷ്ടിച്ചു. യുഎസില്‍ ലിസ്റ്റ് ചെയ്യാനുള്ള ഷെയ്നിന്റെ നേരത്തെയുള്ള ശ്രമം തടഞ്ഞിരുന്നു. ചൈനയിലെ മുസ്ലിംകളായ ഉയ്ഗൂര്‍ വംശത്തില്‍പ്പെട്ടവരില്‍നിന്ന് നിര്‍ബന്ധിത തൊഴിലിനായി ഉപയോഗിക്കുന്നില്ലെന്ന് കമ്പനി സ്ഥിരീകരിക്കണമെന്ന ആവശ്യം യുഎസ് ഉന്നയിച്ചതോടെ ലിസ്റ്റിംഗ് തടയപ്പെടുകയായിരുന്നു.
ഷെയ്‌നിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും ലഭ്യമാണ്.