19 July 2023 6:36 AM GMT
Summary
- ജപ്പാനിലേക്കുള്ള ചൈനീസ് വസ്ത്ര കയറ്റുമതിയില്‍ ഇടിവ്
- മികച്ച ഓഫറുകളുള്ള ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് ഇത് അവസരം
- ജപ്പാന്റെ മൊത്തം വസ്ത്ര ഇറക്കുമതി 23 ബില്യണ്‍ ഡോളറിന്റേത്
ജപ്പാനിലേക്കുള്ള ചൈനീസ് വസ്ത്ര കയറ്റുമതിയില്‍ ഇടിവ്. ഈ അവസരം ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് വലിയ അവസരമാണ് നല്‍കുന്നതെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) പറഞ്ഞു.
മികച്ച ഓഫറുകളുള്ള ഇന്ത്യന്‍ വസ്ത്ര വ്യവസായത്തിന് ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി നടത്താനും, ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വ്യാപാരം നടത്തുന്നതിനും ഇപ്പോള്‍ മെച്ചപ്പെട്ട അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് ടോക്കിയോയില്‍ നടക്കുന്ന ഇന്ത്യ ടെക്സ് ട്രെന്‍ഡ്‌സ് മേളയുടെ 12-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എഇപിസി ചെയര്‍മാന്‍ നരേന്‍ ഗോയങ്ക പറഞ്ഞു മേളയില്‍ അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 180 ഇന്ത്യന്‍ പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുക്കുന്നതെന്ന് നരേന്‍ ഗോയങ്ക പറഞ്ഞു.
'ജപ്പാനിലേക്കുള്ള വസ്ത്ര കയറ്റുമതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചു. 2018 ല്‍ 28.49 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ജപ്പാന്റെ മൊത്തം ഇറക്കുമതി ഇപ്പോള്‍ 46.72 ബില്യണ്‍ ഡോളറായി ഉയര്‍ന്നു,' ജപ്പാന്‍ നാലാമത്തെ വലിയ വസ്ത്ര ഇറക്കുമതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പനാനുമുമ്പില്‍ അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഉള്ളത്.
ജപ്പാന്റെ മൊത്തം വസ്ത്ര ഇറക്കുമതി 23 ബില്യണ്‍ ഡോളറില്‍ ഇന്ത്യയുടെ വിഹിതം ഒരു ശതമാനം മാത്രമാണ്.
ജപ്പാനിലെ പ്രമുഖ വസ്ത്ര വിതരണക്കാരായിരുന്നു ചൈന. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ വ്യാപാരം തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ഇന്ത്യക്ക് ജപ്പാനില്‍ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. കൂടാതെ ഇന്തോ-ജപ്പാന്‍ സ്വതന്ത്ര വ്യാപാര കരാറിനുശേഷം ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അവിടെ ഡ്യൂട്ടി ഫ്രീ അക്‌സസ് ആണ്. ചൈനയ്ക്കും തുര്‍ക്കിക്കും ഒന്‍പത്ശതമാനം ഡ്യൂട്ടിയുണ്ട്. ഇതും ഇന്ത്യക്ക് ഗുണകരമാണ്.
ലോകത്ത് പരുത്തി, ചണം, പട്ട്, കമ്പിളി എന്നിവയുടെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഇന്ത്യയിലാണെന്ന് സമാനമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സുധീര്‍ സെഖ്രി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ നൂല്‍നൂല്‍പ്പും നെയ്ത്തുശേഷിയും ഇവിടെയാണ്. ഫാം മുതല്‍ ഫാഷന്‍ വരെയുള്ള സമ്പൂര്‍ണ്ണ മൂല്യ ശൃംഖല ഇന്ത്യ ലോകത്തിന് വാഗ്ദാനം ചെയ്യുന്നു.
ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും പിന്തുണ നല്‍കുന്നതിനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം, പിഎം മിത്ര സ്‌കീം എന്നിങ്ങനെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് ധാരണയും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സെമിനാറുകളും ബിസിനസ് ഡെലിഗേഷന്‍ മീറ്റിംഗുകളും നടന്നു.