image

25 Jan 2022 6:20 AM IST

Industries

ഡിജിറ്റല്‍ ഇന്ത്യക്ക് ഊര്‍ജ്ജമേകി ടെലികോം മേഖല

ഡിജിറ്റല്‍ ഇന്ത്യക്ക് ഊര്‍ജ്ജമേകി ടെലികോം മേഖല
X

Summary

ഓണ്‍ലൈന്‍ മീറ്റിംഗുകളുമെല്ലാം ഈ മേഖലയെ മാറ്റിമറിച്ചു


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ടെലികോം മേഖല ശക്തമായ വളര്‍ച്ചയാണ് കാഴ്ചവെക്കുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വ്യവസായം നമുക്ക് അവകാശപ്പെട്ടതായിക്കഴിഞ്ഞു. 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഏകദേശം 117 കോടി ഫോണ്‍ ഉപഭാക്താക്കളാണ് രാജ്യത്തു ഉള്ളത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണമാകട്ടെ 62 കോടിയും. ഇത് 2025 -ഓടെ 90 കോടിയിലെത്തുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 2020-ല്‍ ടെലിഫോണ്‍ മേഖലയില്‍ നിന്നുള്ള രാജ്യത്തിന്റെ മൊത്ത വരുമാനം ഏകദേശം 1,20,000 കോടി രൂപയായിരുന്നു.


കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഡാറ്റ യുടെ ഉപയോഗത്തിലുണ്ടായ അമ്പരപ്പിക്കുന്ന കുതിപ്പ് ലോകമെമ്പാടുമുള്ള ടെലികോം കമ്പനികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന ഒന്നായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മഹാമാരിയുടെ കാലഘട്ടത്തില്‍ ഡാറ്റ മാത്രമായി എല്ലാവര്‍ക്കും പ്രാധാന്യം.


വര്‍ക്ക്-ഫ്രം-ഹോമും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സോഷ്യന്‍ മീഡിയയുടെ കുതിപ്പും ഓണ്‍ലൈന്‍ മീറ്റിംഗുകളുമെല്ലാം ഈ മേഖലയെ മാറ്റിമറിച്ചു. ജോലിയുടെ സമവാക്യങ്ങള്‍ മാറിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ വളര്‍ച്ച കൂടുതല്‍ ദ്രുതഗതിയിലായിരിക്കുമെന്നതില്‍ സംശയമില്ല.വേഗതയുടെ പുറകെയുള്ള മനുഷ്യന്റെ പാച്ചില്‍ നവീനമായ ടെക്‌നോളജിയെ കൈപ്പിടിയിലൊതുക്കാന്‍ എന്നും അവനെ പ്രേരിപ്പിച്ചു പോന്നു. ശബ്ദത്തെ ഒരു കമ്പിയില്‍ കൂടി അനേക മൈലുകള്‍ ദൂരെ എത്തിക്കാനാവുമെന്നു 1876-ല്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ചിട്ട് 100 വര്‍ഷം തികയുന്നതിനു മുമ്പു തന്നെ 1973-ല്‍ കമ്പിയില്ലാതെയും റേഡിയോ തരംഗങ്ങളിലൂടെ ശബ്ദം പിടിച്ചെടുക്കാനാവുന്ന മൊബൈല്‍ ഫോണുകള്‍ നിലവിലായി. പിന്നീടുള്ള വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു.

ഡാറ്റയും ചിത്രങ്ങളും എല്ലാം നിമിഷങ്ങള്‍ക്കും ലോകത്ത് ഏതു കോണിലും എത്തിക്കാനുള്ള സാങ്കേതിക വിദ്യ പ്രചാരത്തിലായത് മനുഷ്യ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ഇന്ത്യയില്‍ ടെലികോം മേഖലയ്ക്ക് ആകെ ആശ്വാസം പകര്‍ന്ന ചില നിയമ നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ പാസാക്കിയത് ഇക്കഴിഞ്ഞ മാസമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു ടെലിഫോണ്‍ കമ്പനികളുടെ കുടിശ്ശിക അടയ്ക്കാന്‍ നാലു വര്‍ഷം വരെ സാവകാശം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഈ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുവാദവും. ഇതില്‍ ആദ്യം പറഞ്ഞ തീരുമാനം മൂലം പ്രധാനമായും രക്ഷപ്പെട്ടത് കച്ചവടം പൂട്ടിക്കെട്ടാനിരുന്ന വോഡഫോണ്‍-ഐഡിയ ആണ്. 1.9 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഈ കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്. ഇതിന് നാലു വര്‍ഷം വരെ തിരിച്ചടക്കാനുള്ള കാലാവധി നീട്ടിക്കിട്ടിയതോടെ കമ്പനി വീണ്ടും രംഗത്തുണ്ടാവുവെന്ന് ഉറപ്പായി.

കടാശ്വാസം ലഭിച്ചതു കൊണ്ട് സര്‍ക്കാര്‍ ഇത് ഏറ്റെടുക്കമെന്ന് ഒരു ശ്രുതി പരന്നിരുന്നുവെങ്കിലും നഷ്ടത്തില്‍ കൂപ്പുകുത്തിക്കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബി എസ്എ ന്‍ എല്ലിനും എം ടി എന്‍ എല്ലിനും 2019-ല്‍ 69,000 കോടി രൂപ നല്‍കി കൈപിടിച്ചുയര്‍ത്തിയ സര്‍ക്കാര്‍ ഇനിയൊരെണ്ണം കൂടി തലയിലേറ്റി വെക്കിലെന്നാണ് വോഡഫോണ്‍ ഐഡിയ എം ഡി രവീന്ദ്ര താക്കര്‍ പറയുന്നാണ്. എങ്കിലും നാലുവര്‍ഷത്തെ മൊറട്ടോറിയം കഴിയുമ്പോള്‍ എന്താവും സ്ഥിതിയെന്ന് കാണേണ്ടിയിരിക്കുന്നു. ഇതിനിടയിലാണ് വളരെ നാടകീയമായി കഴിഞ്ഞാഴ്ച ഒക്ടോബര്‍ 1 ന്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം പുതിയൊരു ഇണ്ടാസ് ഇറക്കിയത്. റിലയന്‍സ് ജിയോയ്ക്ക് 2016-ല്‍ വേണ്ടത്ര ഇന്റര്‍ കണക്ഷന്‍ പോയിന്റുകള്‍ നല്‍കാത്തതിന് വോഡഫോണും എയര്‍ടെല്ലും കൂടി 3050 കോടി രൂപ മുന്നാഴ്ചക്കകം പിഴയടക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും കോടതി നവംബര്‍ 17-വരെ ആ തീരുമാനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസം എയര്‍ ടെല്ലിനും വൊഡാഫോണിനും കൂടി 40 ലക്ഷം ഉപഭോക്താക്കള്‍ നഷ്ടപ്പെട്ടപ്പോള്‍ റിലയന്‍സിന്റെ ജിയോയ്ക്കു 35 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാനായി. ട്രയായുടെ (TRAI) കണക്കുകളനുസരിച്ച് ആഗസ്ത് മാസത്തില്‍ ജിയോയ്ക്കു 36.64 ശതമാനം വിപണി വിഹിതമുള്ളപ്പോള്‍ എയര്‍ ടെല്ലിന് 29.60 ശതമാനവും വൊഡാഫോണ്‍-ഐഡിയയ്ക്കു 23.59 ശതമാനവും ബി.എസ്.എന്‍.എല്ലിന് 9.89 ശതമാനവും വിപണി വിഹിതമാണുള്ളത്. 5000 കോടി രൂപ ചിലവാക്കി നാല് മെട്രോ സിറ്റികളിലായി നിര്‍മിക്കുന്ന പുതിയ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജിയോയെ കടത്തി വെട്ടാനാവുമെന്നാണ് എയര്‍ടെല്ലിന്റെ കണക്കുകൂട്ടല്‍.


കോവിഡിന്റെ ആഘാതമേല്‍പിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും ഇനിയും ഈ മേഖലയിലുള്ള കമ്പനികള്‍ മുന്നേറാനാണ് സാധ്യത; പ്രത്യേകിച്ചും ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ എന്നിവ.

മോഡി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള കുതിപ്പിന് ഏറ്റവും അനിവാര്യമായ ഒരു മേഖലയാണിതെന്നതാണ് കാരണം. കഴിഞ്ഞ ജൂണില്‍ എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനായി 19,000 കോടി രൂപ അധികമായി ഭാരത് നെറ്റ് എന്ന പദ്ധതിയില്‍ ധനമന്ത്രി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2017-ല്‍ തീരുമാനമായ ഭാരത് നെറ്റ് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലെ 15 ലക്ഷം പഞ്ചായത്തുകള്‍ ഇന്റര്‍നെറ്റില്‍ കൂട്ടിയോജിപ്പിക്കാനാണ് ഉദ്ദേശം. 2-ജിയും 3-ജിയും 4-ജിയും കടന്ന് ഇപ്പോള്‍ 5-ജിയുടെ കാലമാണ്.

ലോകരാഷ്ട്രങ്ങളില്‍ പലതും, ഏകദേശം 35-ഓളം രാജ്യങ്ങള്‍, ഇന്ന് 5-ജി
ഉപയോഗിക്കുന്നു. 4-ജി ഒരു സെക്കന്‍ഡില്‍ 300 mbps വേഗത അവകാശപ്പെടുമ്പോള്‍ 5-ജി 10 gbps വേഗതയിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അതായതു 600 mbയുള്ള ഒരു വീഡിയോ വെറും 37 സെക്കന്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ചുരുക്കം. എന്തായാലും സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ ടെലികോം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍, ജിയോ എന്നീ സേവന ദാതാക്കള്‍ മാത്രമല്ല ടെലികോം അനുബന്ധമായ വ്യവസായങ്ങളും മുന്നേറ്റത്തിന്റെ വഴിത്താരയിലാണ്. 100 ശതമാനം വിദേശ നിക്ഷേപം കൂടി അനുവദിച്ചതോടെ ധാരാളം വിദേശ കമ്പനികളും ഇന്ത്യയില്‍ കോടിക്കണക്കിനു രൂപ ഇറക്കാന്‍ തയ്യാറാകുമെന്നതില്‍ സംശയമില്ല. കോവിഡ് കഴിഞ്ഞുള്ള സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ഈ നിക്ഷേപങ്ങള്‍ക്ക് സാധിക്കുമെന്ന് നമുക്ക് കരുതാം.