29 Nov 2024 9:20 AM GMT
Summary
- പുതിയ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ ഒടിപിയും, എസ്എംഎസുകളും സാധാരണ നലയില്‍ത്തന്നെ എത്തും
- ഇനി ടെലി മാര്‍ക്കറ്റിങ് മെസേജുകള്‍ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കും
- പദ്ധതി ഡിസംബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും
അടുത്ത മാസം മുതല്‍ ഒടിപി വൈകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ട്രായ്.
പുതിയ മാറ്റങ്ങള്‍ നടപ്പാക്കുമ്പോഴും ഒടിപിയും, എസ്എംഎസുകളും ഡെലിവര്‍ ചെയ്യാന്‍ കാലതാമസമുണ്ടാകില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി വ്യ്ക്തമാക്കി.
ടെലി മാര്‍ക്കറ്റിങ് മെസേജുകള്‍ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് കമ്പനികളോട് ട്രായ് ഉത്തരവിട്ടത്. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ നിശ്ചിത മെസേജുകള്‍ ഡെലിവര്‍ ചെയ്യാന്‍ അനുവദിക്കില്ല.
അനാവശ്യ കോളുകളും എസ്എംഎസുകളും തടയാനാണിത്. നവംബര്‍ ഒന്നിനു നടപ്പാക്കാനിരുന്ന പദ്ധതി ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ ഒന്നിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാല്‍ ഒടിപികള്‍ക്ക് അടക്കം തടസ്സം നേരിടാമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബള്‍ക്ക് എസ്എംഎസ് ട്രാഫിക് ഉറവിടം തിരിച്ചറിയാന്‍ ടെലികോം കമ്പനികളെ പ്രാപ്തമാക്കുന്ന ഒരു സംവിധാനത്തെയാണ് മെസേജ് ട്രേസബിലിറ്റി സൂചിപ്പിക്കുന്നത്. തെറ്റായ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിന് ഈ സംവിധാനം നിര്‍ണായകമാണ്. തട്ടിപ്പുകളുടെ പിന്നിലുള്ളവരെ കൃത്യമായി കണ്ടെത്താനും പ്രവര്‍ത്തിക്കാനും അധികാരികളെ ഇത് സഹായിക്കും.
സിസ്റ്റം വിന്യസിക്കുന്നതിലെ സാങ്കേതിക സങ്കീര്‍ണതകളെക്കുറിച്ച് ടെലികോം കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ പുതിയ ആവശ്യകതകള്‍ ഒടിപി ഡെലിവറികളുടെ വേഗതയെയോ വിശ്വാസ്യതയെയോ ബാധിക്കില്ലെന്ന് ട്രായ് ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി. ബാങ്കിംഗ്, ഐഡന്റിഫിക്കേഷന്‍ സേവനങ്ങളില്‍ തടസ്സമുണ്ടാകില്ലെന്നും ട്രായ് പറയുന്നു.