15 Jun 2023 4:24 AM GMT
Summary
- താരിഫുകള്‍ വര്‍ധിപ്പിച്ചതിനാല്‍ എയര്‍ടെല്ലിന്റെ വിപണി വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തി
- മാര്‍ച്ചില്‍ ജിയോ 30.5 ലക്ഷം മൊബൈല്‍ വരിക്കാരെ കൂട്ടിച്ചേര്‍ത്തു
- വൊഡഫോണ്‍ ഐഡിയയ്ക്ക് മാര്‍ച്ചില്‍ 12.12 ലക്ഷം മൊബൈല്‍ യൂസര്‍മാരെ നഷ്ടപ്പെട്ടു
വരുമാനത്തില്‍ എയര്‍ടെലിനെ റിലയന്‍സ് ജിയോ പിന്നിലാക്കി.
2023 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ ഭാരതി എയര്‍ടെല്ലിനെക്കാള്‍ കൂടുതല്‍ റവന്യു മാര്‍ക്കറ്റ് ഷെയര്‍ (ആര്‍എംഎസ്) റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്വന്തമാക്കി. രാജ്യത്തെ മെട്രോ, ഗ്രാമീണ മൊബൈല്‍ വിപണികളാണു നേട്ടം കൈവരിക്കാന്‍ ജിയോയെ സഹായിച്ചത്.
2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരുമാനം (gross revenue market share) 13 ബേസിസ് പോയിന്റ് ഉയര്‍ന്ന് 41.7% ആയപ്പോള്‍ എയര്‍ടെലിന്റെ വരുമാനം മാറ്റമൊന്നുമില്ലാതെ 36.5% ആയി തുടര്‍ന്നു. വൊഡഫോണ്‍ ഐഡിയയുടെ വരുമാനം 42 ബേസിസ് പോയിന്റ് ഇടിഞ്ഞ് 16.6 % ആയെന്നും ടെലകോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.
2ജി അടിസ്ഥാന താരിഫുകള്‍ വര്‍ധിപ്പിച്ചതിനാല്‍ എയര്‍ടെല്ലിന്റെ വിപണി വിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്തി. പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിനാല്‍
എയര്‍ടെലിന്റെ 2ജി മൊബൈല്‍ നിരക്കുകള്‍ 22 സര്‍ക്കിളുകളില്‍ വര്‍ധിച്ചു.
മാര്‍ച്ചില്‍ ജിയോ 30.5 ലക്ഷം മൊബൈല്‍ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വൊഡഫോണ്‍ ഐഡിയയ്ക്കു ഈ മാസം 12.12 ലക്ഷം വയര്‍ലെസ് യൂസര്‍മാരെ നഷ്ടമാവുകയും ചെയ്തു.
എയര്‍ടെല്‍ മാര്‍ച്ചില്‍ 10.37 ലക്ഷം മൊബൈല്‍ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയിലെ 36.98 കോടിയില്‍ നിന്ന് മാര്‍ച്ച് മാസമെത്തിയപ്പോള്‍ വരിക്കാരുടെ എണ്ണം 37.09 കോടിയാക്കാന്‍ എയര്‍ടെലിനു സാധിച്ചു.
റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കിലേക്ക് മാര്‍ച്ചില്‍ 30.5 ലക്ഷം വരിക്കാരെയാണ് ചേര്‍ത്തത്. ഫെബ്രുവരിയിലെ ജിയോ വരിക്കാരുടെ എണ്ണം 42.71 കോടിയില്‍ നിന്ന് മാര്‍ച്ച് മാസം 43 കോടിയിലെത്തി.
വൊഡഫോണ്‍ ഐഡിയയ്ക്ക് മാര്‍ച്ചില്‍ 12.12 ലക്ഷം മൊബൈല്‍ യൂസര്‍മാരെ നഷ്ടപ്പെട്ടു. വൊഡഫോണ്‍ ഐഡിയയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം മാര്‍ച്ചില്‍ 23.67 കോടിയായി ചുരുങ്ങി. ഇത് മുന്‍ മാസം 23.70 കോടിയായിരുന്നു.