image

18 Dec 2023 10:49 AM GMT

Telecom

ഒടിടി-യെ ഒഴിവാക്കി ടെലികോം ബില്‍ ലോക്‌സഭയില്‍

MyFin Desk

OTT Excluded Telecom Bill in Lok Sabha
X

Summary

  • സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതിന് സര്‍ക്കാരിന് അധികാരം
  • മുന്‍ കരടുകളില്‍ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകളെ പരാമര്‍ശിച്ചിരുന്നു
  • ഒടിടി ആപ്പുകളെ ഉള്‍പ്പെടുത്തണമെന്ന് ജിയോയും എയര്‍ടെലും


ടെലികോം ബില്ലിന്റെ പുതിയ കരട് ലോക്സഭയില്‍ അവതരിപ്പിച്ചു. ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങളെ കുറിച്ച് പരാമർശിക്കാതെയാണ് പുതിയ കരട് തയാറാക്കിയിട്ടുള്ളത്. ഇന്ത്യയുടെ ടെലികോം റെഗുലേറ്ററിന് നൽകിയിരിക്കുന്ന അധികാരങ്ങൾ നിലനിര്‍ത്തുന്ന കരട് ബില്‍ സാറ്റലൈറ്റ് സ്‍പെക്ട്രം അനുവദിക്കുന്നതിനുള്ള അവകാശം സര്‍ക്കാരിന് നല്‍കുന്നു. .

സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്, വീഡിയോ കോളിംഗ്-മെസേജിംഗ് ആപ്പായ സ്കൈപ്പ് എന്നിങ്ങനെയുള്ള ഒടിടി സേവനങ്ങളെ കൂടി ഉൾപ്പെടുത്തുന്നതായിരുന്നു ബില്ലിന്‍റെ മുന്‍ ഡ്രാഫ്റ്റുകള്‍. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിർവചനം വിപുലീകരിച്ചുകൊണ്ട്, ഈ ഇന്റർനെറ്റ് അധിഷ്ഠിത സേവന ദാതാക്കളും മറ്റ് ടെലികോം കമ്പനികൾക്ക് സമാനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം എന്ന കാഴ്ചപ്പാടാണ് മുന്‍ കരടുകള്‍ മുന്നോട്ടുവെച്ചത്.

സ്ട്രീമിംഗ് ആപ്പുകളും ആശങ്ക അറിയിച്ചു

മെഷീൻ ടു മെഷീൻ കമ്മ്യൂണിക്കേഷൻ, ഇൻ-ഫ്ലൈറ്റ്, മാരിടൈം കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള പ്രത്യേക ആശയവിനിമയ സേവനങ്ങളുടെ കൂട്ടത്തിലാണ് ഒടിടിയെ കരടുകളില്‍ പട്ടികപ്പെടുത്തിയിരുന്നത്. ലൈസൻസോ സ്പെക്‌ട്രം ഫീസോ നൽകാതെ ഓഡിയോ, വീഡിയോ കോളുകളും സന്ദേശമയയ്‌ക്കലും വാഗ്ദാനം ചെയ്യുന്നതിനാൽ ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും തങ്ങൾക്കും തുല്യമായ വിപണി അവസരം ഉറപ്പാക്കണമെന്നാണ് ടെലികോം കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഭാരതി എയർടെലും റിലയൻസ് ജിയോയും പോലുള്ള ടെലികോം സേവന ദാതാക്കള്‍ ഈ വാദം ഉന്നയിച്ചു.

ടെലികോം ഓപ്പറേറ്റർമാരുടെ അതേ സേവനം നൽകുന്ന കമ്മ്യൂണിക്കേഷൻ ആപ്പുകളെ നിയന്ത്രിക്കുക മാത്രമാണ് സർക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നാണ് മുന്‍ കരടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ഇത്തരം ഒടിടി ആപ്പുകൾക്കായി തന്റെ മന്ത്രാലയം "മൃദുവായ" റെഗുലേറ്ററി ചട്ടക്കൂട് ആവശ്യപ്പെട്ടതായി ടെലികോം മന്ത്രി അശ്വിനി വൈഷ്‍ണവും വ്യക്തമാക്കിയിരുന്നു.

ബില്ലിലെ നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലാത്തതിനാൽ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീംമിംഗ് ആപ്പുകളും ആശങ്കകൾ ഉന്നയിച്ചിരുന്നു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ആപ്പുകളും നിയന്ത്രിക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ചു.

സാറ്റലൈറ്റ് സ്‍പെക്ട്രം ലേലം

ഭരണപരമായി സ്പെക്ട്രം അനുവദിക്കാൻ സർക്കാരിന് അവകാശമുള്ള മേഖലകളുടെ പട്ടികയിലേക്ക് സാറ്റലൈറ്റ് സ്പെക്ട്രത്തെയും ഏറ്റവും പുതിയ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തി. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുമ്പോൾ ലഭ്യമാകുന്ന റേഡിയോ സ്പെക്ട്രത്തിന്റെ ഒരു വിഭാഗമാണ് സാറ്റലൈറ്റ് അഥവാ ഓർബിറ്റ്. ഇത് സർക്കാർ ലേലം ചെയ്തു നല്‍കുകയാണോ അതോ അനുവദിച്ച് നല്‍കുകയാണോ വേണ്ടത് എന്നതിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ച ടെലികോം മേഖലയില്‍ നടന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജൂണിൽ നടത്തിയ കൺസൾട്ടേഷനില്‍ എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്, ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പർ, ടാറ്റ ഗ്രൂപ്പിന്റെ നെൽകോ തുടങ്ങിയ ടെക്നോളജി സ്ഥാപനങ്ങൾ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്പെക്‌ട്രം ലേലം ചെയ്യുന്നതിനെ എതിർത്തു. ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ അലൊക്കേഷന്‍ രീതിയെ പിന്തുണയ്ക്കുമ്പോള്‍ റിലയൻസ് ജിയോ ലേലം വിളിക്കുന്നതിനെ പിന്തുണയ്ക്കുന്നു.