image

17 March 2023 9:33 AM GMT

Telecom

ജിയോക്ക് എയര്‍ടെല്ലിന്റെ 'ചെക്ക് മേറ്റ്', ചുളുവിലയ്ക്ക് അണ്‍ലിമിറ്റ് 5ജി ഡാറ്റ

MyFin Desk

airtels unlimited 5G data at cheap prices
X

Summary

എയര്‍ടെല്ലിന്റെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്‍പ്പടെ താരിഫ് കുറച്ച് കൊണ്ടുവന്നത് കമ്പനിയ്ക്ക് തിരിച്ചടിയാവുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.


മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയില്‍ മത്സരം മുറുകുമ്പോള്‍ റിലയന്‍സ് ജിയോയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുത്തന്‍ ഓഫര്‍ ഇറക്കി ഭാര്‍തി എയര്‍ടെല്‍. 5ജി സേവനം വ്യാപിപ്പിക്കുന്ന സമയത്ത് കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. 239 രൂപയ്ക്ക് എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എയര്‍ടെല്ലിന്റെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്‍പ്പടെ താരിഫ് കുറച്ച് കൊണ്ടുവന്നത് കമ്പനിയ്ക്ക് തിരിച്ചടിയാവുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

റിലയന്‍സ് ജിയോ അവരുടെ പുതിയ പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാനായ 'ജിയോ പ്ലസ്' ഏതാനും ദിവസം മുന്‍പ് അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനില്‍ നാലംഗമുള്ള കുടുംബത്തിന് ഒരു മാസത്തേയ്്ക്കുള്ള ചാര്‍ജ് 696 രൂപയാണ.് നാല് പോസ്റ്റ് പേയ്ഡ് കണക്ഷനുകള്‍ക്കാണ് മാസം ഇത്രയും തുക വരുന്നത്. ആദ്യ ഒരു മാസം ഇത്തരം പ്ലാനുകള്‍ സൗജന്യമായിരിക്കും.

399 രൂപയ്ക്കാണ് ഫാമിലി പ്ലാന്‍ തുടങ്ങുന്നത്. പ്ലാനില്‍ ഒരു കുടുംബത്തിന് മൂന്ന് ആഡ്-ഓണ്‍ കണക്ഷനുകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. 75 ജി ബി ഡാറ്റ പാക്കാണ് പ്ലാനിലുള്ളത്. ഇതിനു പുറമെ ഒരു സിമ്മിന് 99 രൂപ നിരക്കില്‍ അധിക 3 ആഡ്-ഓണ്‍ കണക്ഷനുകള്‍ കൂടി ലഭ്യമാകും. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ആകെ വരുന്ന മാസബില്ല് (399+99*3) 696 രൂപയായിരിക്കും.

ഇതനുസരിച്ച് ഒരു കൂടുംബംഗത്തിന് സിമ്മൊന്നിന് 174 രൂപയില്‍ ഡാറ്റാ ആവശ്യം നിറവേറ്റാം. മറ്റ് ഓപ്പറേറ്ററുമാരുടെ താരിഫുമായി താരതമ്യം ചെയ്താല്‍ ഏകദേശം 30 ശതമാനം കിഴിവാണ് ജിയോയുടെ താരിഫില്‍ വന്നിരിക്കുന്നത്. എയര്‍ടെല്ലിനാണെങ്കില്‍ താരിഫ് നിരക്ക് കുറയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ ബിസിനസില്‍ ഇടിവ് നേരിടുന്നുണ്ട്. ഇത് നിക്ഷേപകര്‍ പിന്‍വലിയാന്‍ ഇടയാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ ഭാര്‍തി എയര്‍ ടെല്ലിന്റെ ഓഹരി മൂല്യത്തില്‍ 8 ശതമാനം ഇടിവാണുണ്ടായത്.