image

1 Dec 2023 7:35 AM GMT

Telecom

5ജി വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

MyFin Desk

Huge surge in 5G subscribers
X

Summary

  • 2029-ഓടെ 5ജി സബ്സ്‌ക്രിപ്ഷനുകള്‍ 860 ദശലക്ഷമാകുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്
  • 5ജി പ്രാപ്തമാക്കിയ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയും
  • നിലവില്‍ 8,000-ലധികം പട്ടണങ്ങളിലും 20,000 ഗ്രാമങ്ങളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്


ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 130 ദശലക്ഷമായി ഉയരുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 10 ദശലക്ഷം മാത്രമായിരുന്നു. നഗരങ്ങളിലുടനീളം താങ്ങാനാവുന്ന സേവന പ്ലാനുകള്‍, 5ജി സ്മാര്‍ട്ട്ഫോണുകളുടെ വര്‍ധിച്ചുവരുന്ന ലഭ്യത എന്നിവ രാജ്യത്ത് 5ജി നെറ്റ്വര്‍ക്കിന്റെ വളര്‍ച്ച അതിവേഗമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'2022 ഒക്ടോബറിലാണ് ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് ശൃംഖല പ്രവര്‍ത്തനക്ഷമമായത്. അതിനുശേഷം കമ്പനികള്‍ 5ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്.

നഗരങ്ങളിലുടനീളം ഇന്ന് 5ജി നെറ്റ്‌വര്‍ക്ക് അതിവേഗം വ്യാപിച്ചു വരികയാണ്. ഇന്ന് പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാംതന്നെ അഞ്ചാംതലമുറയെ പിന്തുണയ്ക്കുന്നതാണ്. താങ്ങാനാവുന്ന ചാര്‍ജുകളും കൂടി ആയപ്പോള്‍ 5ജി ഏവര്‍ക്കും സ്വീകാര്യമായി. കൂടാതെ നെറ്റിന്റെ വേഗത ഏവരെയും ഈ വിഭാഗത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു. 2029-ഓടെ 5ജി സബ്സ്‌ക്രിപ്ഷനുകള്‍ 860 ദശലക്ഷമായി വളരുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോയും എയര്‍ടെല്ലും 5ജി ഉപയോക്താക്കളുടെ എണ്ണം നവംബറില്‍ 125 ദശലക്ഷം കടന്നതായി അറിയിച്ചു. ഇതിന്റെ പിന്‍ബലത്തില്‍, 5ജി പ്രാപ്തമാക്കിയ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയും ഇപ്പോള്‍ ഇടംപിടിച്ചുകഴിഞ്ഞു. നിലവില്‍ 8,000-ലധികം പട്ടണങ്ങളിലും 20,000 ഗ്രാമങ്ങളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. 385,000-ലധികം 5ജി ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷനുകളുണ്ട്.

2022 ല്‍, എറിക്സണ്‍ ഇന്ത്യയുടെ 5ജി വരിക്കാരുടെ എണ്ണം 31 ദശലക്ഷം ഉപയോക്താക്കളായി കണക്കാക്കി, 2023 ല്‍ തന്നെ ഇത് 4 മടങ്ങ് വര്‍ധിച്ചു.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളായ ഇ-കൊമേഴ്സ്, ഇ-ഗവേണന്‍സ് എന്നിവ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 5ജി ഇന്ത്യയുടെ ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പിലെ വളര്‍ച്ചയുടെയും പരിവര്‍ത്തനത്തിന്റെയും അടുത്ത ഘട്ടത്തെ പ്രാപ്തമാക്കുകയാണ്.

അതുവഴി രാജ്യത്തെ ഒരു ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കും മാറ്റാനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.

'2022 ജൂലൈയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സ്‌പെക്ട്രം ലേലവും ലോ-ബാന്‍ഡ് (700 മെഗാഹെര്‍ട്സ്), മിഡ്-ബാന്‍ഡ് (3.5 ജിഗാഹെര്‍ട്സ്), ഹൈ-ബാന്‍ഡ് (26 ജിഗാഹെര്‍ട്സ്) എന്നിവയിലുടനീളമുള്ള സ്പെക്ട്രം ജിയോ ഏറ്റെടുത്തതും ദ്രുതഗതിയിലുള്ള 5 ജി വിപുലീകരണം പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു' റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5ജി വരിക്കാരുടെ എണ്ണം 6.6 മടങ്ങ് വര്‍ധിക്കും, അതേസമയം 4ജി വരിക്കാരുടെ എണ്ണം-ഈ വര്‍ഷം അവസാനത്തോടെ 870 ദശലക്ഷമായി കണക്കാക്കുന്നു-ഇത് 2029 അവസാനത്തോടെ 390 ദശലക്ഷമായി കുറയുകയും ചെയ്യും. അതിന്റെ ഫലമായി 2029-ല്‍ രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാരില്‍ 68 ശതമാനവും 5ജി നെറ്റ്വര്‍ക്കിലായിരിക്കും.

നിലവില്‍ 4ജി സബ്സ്‌ക്രിപ്ഷനുകളാണ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നതെന്നും 2022 ഡിസംബറിലെ 820 ദശലക്ഷത്തില്‍ നിന്ന് 870 ദശലക്ഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തത്തിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5ജി വരിക്കാരുടെ വളര്‍ച്ചയും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ധനയും ഇന്ത്യയില്‍ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന്് കാരണമാകുമെന്ന് എറിക്സണ്‍ ഇന്ത്യയുടെ മേധാവി നിതിന്‍ ബന്‍സാല്‍ പറഞ്ഞു.

വരിക്കാര്‍ 5ജി നെറ്റ്വര്‍ക്കിലേക്ക് മാറിയേക്കാമെന്നതിനാല്‍ 2029 ഓടെ 4ജി ഉപയോക്താക്കളുടെ എണ്ണം 390 ദശലക്ഷമായി കുറയുമെന്ന് എറിക്സണ്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ മൊത്തം മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണം 120കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

'5ജി സമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍, ടെലികോം കമ്പനികള്‍ 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സേവനങ്ങളും അവതരിപ്പിച്ചു, ഇത് രാജ്യത്ത് ഒരു പ്രധാന വരുമാന അവസരമായി കാണുന്നു,' എറിക്‌സണ്‍ റിപ്പോര്‍ട്ട് പറഞ്ഞു.

രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണുകളുടെയും ശതമാനമെന്ന നിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഈ വര്‍ഷം 82 ശതമാനത്തില്‍ നിന്ന് 2029-ല്‍ 93 ശതമാനമായി വളരും. ഈ സമയത്ത്, ഇന്ത്യയില്‍ മൊത്തം 127 കോടി മൊബൈല്‍ ഫോണുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍, ഒരു സ്മാര്‍ട്ട്ഫോണിന്റെ ശരാശരി ഡാറ്റ ട്രാഫിക് ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. ഇത് 2023-ല്‍ പ്രതിമാസം 31ജിബി എന്നതില്‍ നിന്ന് 2029-ല്‍ പ്രതിമാസം 75 ജിബി ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.