17 Jan 2025 12:06 PM GMT
Summary
- വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം
- ടെലികോം സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കും
- സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യത്ത് വന്‍ വര്‍ധന
പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ക്ക് ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിന്തുണ നേടിയ നിര്‍ദേശം ടെലിമ്മ്യൂണിക്കേഷന്‍ വകപ്പിന് കൈമാറി. ടെലികോം സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പിക്കാനും അനധികൃതമായി സിം കാര്‍ഡ് വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.
നിയമങ്ങള്‍ ലംഘിക്കുന്ന വെണ്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അടുത്തിടെ നടന്ന ടെലികോം സെക്ടര്‍ അവലോകന യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. അടുത്തകാലത്തായി സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. തട്ടിപ്പുകാര്‍ കൂടുതലായും ഉപയോഗിക്കുന്നത് വ്യാജ സിം കാര്‍ഡുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ കോളുകള്‍ക്കെതിരേയും സംശയകരമായ നമ്പറുകള്‍ക്കെതിരേയും റിപ്പോര്‍ട്ട് നല്‍കാന്‍ പൗരന്മാര്‍ക്കായി സഞ്ചാര്‍-സാഥി പോര്‍ട്ടലും സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ നിന്നുള്ള ഡാറ്റയും ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വഴി ലഭ്യമായ ഡാറ്റയും അടിസ്ഥാനമാക്കി 26.7 ദശലക്ഷത്തിലധികം മൊബൈല്‍ കണക്ഷനുകളാണ് സര്‍ക്കാര്‍ വിച്ഛേദിച്ചത്.
സിം ഡീലര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം ബള്‍ക്ക് സിം വില്‍പ്പനയും നിരോധിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും എന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുള്ളത്.