image

30 Aug 2024 2:43 AM GMT

Telecom

ജിയോ ആഗോള ഡാറ്റ മാര്‍ക്കറ്റില്‍ ഒന്നാമത്

MyFin Desk

jio has made india the largest data market in the world
X

Summary

  • ജിയോ രാജ്യവ്യാപകമായി 5ജി റോളൗട്ട് പൂര്‍ത്തിയാക്കി
  • ഓരോ മാസവും ഹോം ബ്രോഡ്ബാന്‍ഡ് ബിസിനസില്‍ ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ ലക്ഷ്യം
  • ജിയോയുടെ 490 ദശലക്ഷം ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 30 ജിബി ഡാറ്റ


റിലയന്‍സ് ജിയോ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ കമ്പനിയായി മാറിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആഗോള ഡാറ്റാ ട്രാഫിക്കിന്റെ 8 ശതമാനം ഇന്ന് ജിയോ വഹിക്കുന്നു. കൂടാതെ റിലയന്‍സ് ജിയോ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ വിപണിയാക്കി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെലികോം ഓപ്പറേറ്റര്‍ രാജ്യവ്യാപകമായി 5ജി റോളൗട്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ മാസവും ഹോം ബ്രോഡ്ബാന്‍ഡ് ബിസിനസില്‍ ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു.

എട്ട് വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനിയായി ജിയോ വളര്‍ന്നു. താങ്ങാനാവുന്ന താരിഫ് ജിയോയെ അതിന്റെ സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കി. ജിയോയുടെ 490 ദശലക്ഷം ഉപഭോക്താക്കള്‍ പ്രതിമാസം ശരാശരി 30 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷം ടെല്‍കോയുടെ ഡാറ്റാ ട്രാഫിക്കില്‍ 33 ശതമാനം വളര്‍ച്ച നേടി, അംബാനി അവകാശപ്പെട്ടു.

ജിയോയുടെയും റിലയന്‍സ് ഗ്രൂപ്പിന്റെ മറ്റ് ഡിജിറ്റല്‍ ബിസിനസുകളുടെയും ഹോള്‍ഡിംഗ് കമ്പനിയായ ജിയോ പ്ലാറ്റ്ഫോമുകള്‍ (ജെപിഎല്‍) അറ്റാദായത്തില്‍ ഇന്ത്യയിലെ മികച്ച 12 കമ്പനികളില്‍ ഒന്നായി മാറിയെന്ന് അംബാനി പറഞ്ഞു. വരിക്കാരുടെ മികച്ച വളര്‍ച്ചയെത്തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അറ്റാദായം 11.7 ശതമാനം (5,698 കോടി രൂപ) വര്‍ധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെല്‍കോയ്ക്ക് നിലവില്‍ 130 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കളുണ്ടെന്നും 5ജി റേഡിയോ സെല്ലുകളില്‍ 85 ശതമാനവും അവരുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ ടിവി സേവനങ്ങളിലുടനീളം ജിയോയ്ക്ക് നിലവില്‍ 30 ദശലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച കമ്പനിയുടെ 5ജി അധിഷ്ഠിത ഹോം വൈഫൈ സേവനം ആദ്യ ആറുമാസത്തിനുള്ളില്‍ 1 ദശലക്ഷം ഉപഭോക്താക്കളെയും തുടര്‍ന്നുള്ള 100 ദിവസങ്ങളില്‍ അടുത്ത 1 ദശലക്ഷം ഉപഭോക്താക്കളെയും സ്വന്തമാക്കിയിരുന്നു.

റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി, ജിയോ ടിവിയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ ടിവിഒഎസ് ഉള്‍പ്പെടെയുള്ള ഹോം എന്റര്‍ടെയ്ന്‍മെന്റ് സ്പെയ്സില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒരു ഡസനിലധികം ഒടിടി ആപ്പുകളില്‍ നിന്നുള്ള ഉള്ളടക്കം, നൂറുകണക്കിന് തത്സമയ ടിവി ചാനലുകള്‍, ആവശ്യാനുസരണം സിനിമകളുടെയും ഷോകളുടെയും ലൈബ്രറി എന്നിവയുള്‍പ്പെടെയുള്ള ഒരു ബണ്ടില്‍ ഓഫറായ ജിയോ ടിവി+ അദ്ദേഹം അനാവരണം ചെയ്തു.

ഇന്ത്യയിലെ ഒരു ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകള്‍ ജിയോയെ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തെ മികച്ച 5,000 വന്‍കിട സംരംഭങ്ങളില്‍ 80 ശതമാനത്തിലേറെയും വിശ്വസനീയമായ പങ്കാളിയാണിതെന്നും ആര്‍ഐഎല്‍ ചെയര്‍മാന്‍ പറഞ്ഞു.