14 Jan 2023 8:27 AM GMT
Summary
- ഡിസംബര്‍ 18ന് അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന മത്സരം കാണാന്‍ മാത്രം 1.1 കോടി സ്ഥിര ഉപഭോക്താക്കള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയെന്ന് ജിയോ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
മുംബൈ: ആഗോള ടെലിവിഷന്‍ വ്യുവര്‍ഷിപ്പ് റെക്കോര്‍ഡ് വരെ തകര്‍ത്ത ഒന്നായിരുന്നു 2022 ഫിഫ ലോകകപ്പിന്റെ ഓണ്‍ലൈന്‍ സംപ്രേക്ഷണം. ജിയോ സിനിമാ ആപ്പ് വഴി സൗജന്യമായി ഫുട്‌ബോള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ കോടിക്കണക്ക് കായികപ്രേമികളാണ് ആപ്പിലേക്ക് എത്തിയത്.
എന്നാലിപ്പോള്‍ ഫുട്‌ബോള്‍ ഓളങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് ഐപിഎല്ലിന്റെ സൗജന്യ സംപ്രേക്ഷണം ജിയോ സിനിമ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ മുതല്‍ ജിയോ സിനിമയില്‍ സൗജന്യമായി സ്ട്രീം ചെയ്ത് തുടങ്ങിയേക്കും. ഇത് പ്രാദേശിക ഭാഷകളില്‍ പരിഭാഷ നടത്തുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ജിയോ സിനിമാ പ്ലാറ്റ്ഫോം വഴി സൗജന്യമായി ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിന് അവസരം ഒരുക്കിയതോടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം രാജ്യത്തെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കണക്കുകളേയും ജിയോ കടത്തിവെട്ടിയിരുന്നു.
ഡിസംബര്‍ 18ന് അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന മത്സരം കാണാന്‍ മാത്രം 1.1 കോടി സ്ഥിര ഉപഭോക്താക്കള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയെന്ന് ജിയോ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാതിരുന്നിട്ടും ഇത്രയധികം വ്യൂവര്‍ഷിപ്പ് ലഭിച്ചത് ശ്രദ്ധേയമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മത്സരം ആരംഭിച്ച നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഏകദേശം 10 കോടി ആളുകള്‍ ജിയോ സിനിമാ പ്ലാറ്റ്ഫോം സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലുമായി ജിയോ സിനിമ ആപ്പിന് 110 കോടി ഡൗണ്‍ലോഡുകളാണ് ലഭിച്ചത്.ഓരോ മത്സരത്തിനും കുറഞ്ഞ വാച്ച് ടൈം (ആളുകള്‍ മത്സരം കണ്ട ശരാശരി സമയദൈര്‍ഘ്യം) 30 മിനിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആകെ കണക്കുകള്‍ നോക്കിയാല്‍ ഫൈനല്‍ മത്സരം കാണാന്‍ 3.2 കോടി ആളുകള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിയെന്നും കമ്പനി ഇറക്കിയ ഡിജിറ്റല്‍ ഡാറ്റ കണക്കുകളിലുണ്ട്. കമ്പനിയുടെ പരസ്യ വരുമാനവും ഇക്കാലയളവില്‍ വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ഇ-കൊമേഴ്സ്, ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാഷന്‍, ഫിന്‍ടെക്ക് തുടങ്ങി 50ല്‍ അധികം ബ്രാന്‍ഡുകളുടെ പരസ്യമാണ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിച്ചത്.