image

16 March 2023 5:38 AM GMT

Telecom

ജിയോയുടെ 'താരിഫ് പോരില്‍' എയര്‍ടെല്ലിന് ശ്വാസംമുട്ടുന്നു, ഓഹരികളും താഴേയ്ക്ക്

MyFin Desk

jio tarif plan airtel shares
X

Summary

  • റിലയന്‍സ് ജിയോ അവരുടെ പുതിയ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനായ 'ജിയോ പ്ലസ്' ഏതാനും ദിവസം മുന്‍പ് അവതരിപ്പിച്ചിരുന്നു.


മുംബൈ: രാജ്യത്ത് 5ജി സേവനം വ്യാപിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ നടപടികള്‍ വേഗത്തിലാക്കുന്ന സമയത്ത് കോര്‍പ്പറേറ്റ് രംഗത്തെ കിടമത്സരം ഭാര്‍തി എയര്‍ടെല്ലിനെ ശ്വാസം മുട്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ടെല്ലിന്റെ പ്രധാന എതിരാളിയായ റിലയന്‍സ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലുള്‍പ്പടെ താരിഫ് കുറച്ച് കൊണ്ടുവന്നത് കമ്പനിയ്ക്ക് തിരിച്ചടിയാവുകയാണ്.

റിലയന്‍സ് ജിയോ അവരുടെ പുതിയ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനായ 'ജിയോ പ്ലസ്' ഏതാനും ദിവസം മുന്‍പ് അവതരിപ്പിച്ചിരുന്നു. പുതിയ പ്ലാനില്‍ നാലംഗമുള്ള കുടുംബത്തിന് ഒരു മാസത്തേയ്്ക്കുള്ള ചാര്‍ജ് 696 രൂപയാണ.് നാല് പോസ്റ്റ് പേയ്ഡ് കണക്ഷനുകള്‍ക്കാണ് മാസം ഇത്രയും തുക വരുന്നത്. ആദ്യ ഒരു മാസം ഇത്തരം പ്ലാനുകള്‍ സൗജന്യമായിരിക്കും.

399 രൂപയ്ക്കാണ് ഫാമിലി പ്ലാന്‍ തുടങ്ങുന്നത്. പ്ലാനില്‍ ഒരു കുടുംബത്തിന് മൂന്ന് ആഡ്-ഓണ്‍ കണക്ഷനുകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. 75 ജി ബി ഡാറ്റ പാക്കാണ് പ്ലാനിലുള്ളത്. ഇതിനു പുറമെ ഒരു സിമ്മിന് 99 രൂപ നിരക്കില്‍ അധിക 3 ആഡ്-ഓണ്‍ കണക്ഷനുകള്‍ കൂടി ലഭ്യമാകും. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ആകെ വരുന്ന മാസബില്ല് (399+99*3) 696 രൂപയായിരിക്കും.

ഇതനുസരിച്ച് ഒരു കൂടുംബംഗത്തിന് സിമ്മൊന്നിന് 174 രൂപയില്‍ ഡാറ്റാ ആവശ്യം നിറവേറ്റാം. മറ്റ് ഓപ്പറേറ്ററുമാരുടെ താരിഫുമായി താരതമ്യം ചെയ്താല്‍ ഏകദേശം 30 ശതമാനം കിഴിവാണ് ജിയോയുടെ താരിഫില്‍ വന്നിരിക്കുന്നത്. എയര്‍ടെല്ലിനാണെങ്കില്‍ താരിഫ് നിരക്ക് കുറയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ ബിസിനസില്‍ ഇടിവ് നേരിടുന്നുണ്ട്. ഇത് നിക്ഷേപകര്‍ പിന്‍വലിയാന്‍ ഇടയാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ ഭാര്‍തി എയര്‍ ടെല്ലിന്റെ ഓഹരി മൂല്യത്തില്‍ 8 ശതമാനം ഇടിവാണുണ്ടായത്.