15 Oct 2024 3:07 PM GMT
Summary
- ട്രായ് തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് അംബാനി
- ആമസോണിന്റെ പ്രൊജക്ട് കൂപ്പറും ലൈസന്‍സിംഗ് സംവിധാനത്തിനായി ആവശ്യപ്പെടുന്നു
സാറ്റലൈറ്റ് സ്പെക്ട്രത്തെ ചൊല്ലിയുള്ള അംബാനി-മസ്‌ക് പോര് മുറുകുന്നു. ലേലം വേണമെന്ന അംബാനിയുടെ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.
മുകേഷ് അംബാനിയുടെ റിലയന്‍സ് സ്പെക്ട്രം ലേലത്തിന് വേണ്ടി വാദക്കുന്നതിനെ അസംഭവ്യമെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ലൈസന്‍സിംഗ് സമ്പ്രദായം നടപ്പിലാക്കണമെന്നാണ് മസ്‌ക് വാദിക്കുന്നത്. അതേസമയം സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം ലേലം ചെയ്യുന്നതിനുപകരം ലൈസന്‍സ് അനുവദിക്കാമെന്ന അഭിപ്രായം 'തെറ്റായ നിഗമനമാണെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ വാദിക്കുന്നത്. ലൈസന്‍സിംഗിന് അനുമതി നല്‍കിയ ട്രായ് തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് അംബാനി.
ലൈസന്‍സ് അനുവദിച്ചാല്‍ ടെലികോം കമ്പനികളും സാറ്റലൈറ്റ് കമ്പനികളും തമ്മില്‍ നേരിട്ടുള്ള മത്സരത്തിലേക്ക് വഴിവെക്കുമെന്നാണ് ജിയോ ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഷത്തോളമായി സ്പെക്ട്രം ലേലം സംബന്ധിച്ച് അംബാനി- മസ്‌ക് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഉപയോഗപ്പെടുത്തി ഇന്റര്‍നെറ്റ് വിപ്ലവം സൃഷിക്കാനുള്ള ഒരുക്കത്തിലാണ് ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ ലിങ്ക് എന്ന കമ്പനിയിലൂടെയാണ് മക്സ് ഇന്ത്യയില്‍ പ്രവേശിക്കാനിരിക്കുന്നത്. രാജ്യത്ത് ഇനിയും ഇന്റര്‍നെറ്റ് എത്താത്ത പ്രദേശങ്ങളില്‍ സാറ്റലൈറ്റ് വഴി സേവനം ഉറപ്പാക്കുകയാണ് സ്റ്റാര്‍ ലിങ്ക് ലക്ഷ്യമിടുന്നത്. ലൈസന്‍സ് ലഭിച്ചാല്‍ വോയ്സ് കോള്‍, ഡാറ്റാ സേവനങ്ങള്‍ എന്നിവ സാറ്റലൈറ്റ് കമ്പനികള്‍ക്ക് നല്‍കാനാകും. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. സ്റ്റാര്‍ ലിങ്കിന് പുറമേ ആമസോണിന്റെ പ്രൊജക്ട് കൂപ്പറും ലൈസന്‍സിംഗ് സംവിധാനം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ടെലികോം മേഖല ഏറ്റവും മികച്ച മുന്നേറ്റം കാഴ്ച്ച വയ്ക്കുന്ന വേളയിലാണ് റെഗുലേറ്ററി തീരുമാനത്തിന്റെ പേരിലുള്ള തര്‍ക്കവും മുറുകുന്നത്. പ്രതിവര്‍ഷം 36 ശതമാനം വളര്‍ച്ചയാണ് ടെലികോം മേഖലയിലുള്ളത്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യന്‍ ടെലികോം വിപണി 1.9ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.