image

20 Dec 2022 5:30 AM GMT

Telecom

5 ജി വരുമ്പോള്‍ എന്തൊക്കെ മാറ്റം? അറിയാം പിന്നിലെ സാങ്കേതികവിദ്യ

MyFin Bureau

5g new technology features
X

Summary

  • സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ഇന്ന് മുതല്‍ കൊച്ചി മെട്രോനഗരത്തിന് ലഭിച്ചുതുടങ്ങും
  • 5ജി ലോകം കീഴടക്കാന്‍ പോകുന്നത് എങ്ങനെയായിരിക്കും
  • ചുരുങ്ങിയ സ്ഥലത്ത് ലക്ഷക്കണക്കിന് ഉപകരണങ്ങള്‍
  • ഒരു മില്ലി സെക്കന്റിലും കുറവായ ലാറ്റന്‍സി


ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം 4ജി നെറ്റ് വര്‍ക്കുകള്‍ നിലവില്‍ വരാന്‍ തുടങ്ങിയതിന് ശേഷമാണ് ഇന്ത്യയില്‍ ൩ ജി തന്നെ തുടങ്ങിയത്. ഇടയ്ക്ക് ഇന്ത്യ ൩ ജിയിലേക്ക് പോകാതെ നേരിട്ട് 5ജിയില്‍ നിന്നും ൪ ജിയിലേക്ക് പോകുമോ എന്നു വരെയുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അത് യഥാര്‍ത്ഥ്യമായില്ല. എങ്കിലും 3ജി നിലവില്‍ വന്ന് ഒട്ടും കാത്തിരിപ്പില്ലാതെ ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 4ജിയും വരികയുണ്ടായി. എന്തായിരിക്കാം ഇതിനു കാരണം?

ഇവിടെയാണ് സ്പെക്ട്രത്തിന്റെ കളി വരുന്നത്. 3ജി നടപ്പിലാക്കാന്‍ ആവശ്യമായ 2 ഗിഗാഹെട്സ് സ്പെക്ട്രം കയ്യടക്കി വച്ചിരുന്നത് ഇന്ത്യന്‍ സായുധ സേനകളായിരുന്നു.

അതായത് സായുധ സേനകളുടെ യൂണിറ്റുകള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന നെറ്റ് വര്‍ക്ക് പ്രധാനമായും 2 ഗിഗാഹെട്സ് സ്പെക്ട്രത്തില്‍ ഊന്നിയതായിരുന്നു. മിലിട്ടറിക്ക് ഒരു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഇന്ത്യയില്‍ 3ജി നെറ്റ് വര്‍ക്ക് കൊണ്ടുവരിക അസാധ്യമായിരുന്നു.

അതിനാല്‍ മിലിട്ടറിക്ക് വേണ്ടി ആദ്യം ബിഎസ്എന്‍എല്ലിന്റെ പിന്തുണയോടെ ഇന്ത്യയുടനീളം പ്രത്യേകമായി ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാക്കി നല്‍കി മിലിട്ടറി ഉപയോഗിച്ചുകൊണ്ടിരുന്ന സ്പെക്ട്രം സ്വതന്ത്രമാക്കുവാന്‍ എടുത്ത കാലതാമസമാണ് ഇന്ത്യയില്‍ 3ജി വൈകിച്ചത്.

അപ്പോള്‍ 4ജിയോ? സ്പെക്ട്രത്തിന്റെ കാര്യത്തില്‍ 3ജിയും 4ജിയും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നും ഇല്ല. 2 ഗിഗാ ഹെട്സിനു ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു സ്പെക്ട്രമാണ് 4ജിയുടേതിനും ആവശ്യമായി വരുന്നത്. അതിനാല്‍ ആ വഴിക്കുള്ള പ്രശ്നങ്ങള്‍ ഒഴിവായി. 3ജിയില്‍ നിന്നും ഒറ്റയടിക്ക് അല്ല, 4ജി വന്നത്. 3.5 ജിയും 3.75 ജിയുമൊക്കെ അതിനു മുന്‍പും ഉണ്ടായിരുന്നു.

4ജിയും അതിന്റെ ലക്ഷ്യങ്ങളും സ്റ്റാന്‍ഡേര്‍ഡുകളുമൊക്കെ കഠഡ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പല മൊബൈല്‍ സേവനദാതാക്കളും അവരുടെ നെറ്റ് വര്‍ക്ക് 4ജി ആണെന്നൊക്കെ പരസ്യം ചെയ്ത് 3.75 ജി നെറ്റ് വര്‍ക്കുകളെ 4ജി ആയി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു വിപണന തന്ത്രം കൂടി പയറ്റുകയുണ്ടായി.

അതായത് ലോംഗ് ടേം എവല്യൂഷന്‍ എന്ന എല്‍ടിഇ സാങ്കേതിക വിദ്യകള്‍ യഥാര്‍ത്ഥത്തില്‍ ഐടിയുവിന്റെ കണക്ക് പ്രകാരം 4ജി അല്ല, എങ്കിലും പല സേവനദാതാക്കളും അതിനെ 4ജി ആയിത്തന്നെ പരസ്യം ചെയ്തു. ഐടിയു വിഭാവനം ചെയ്ത നെറ്റ് വര്‍ക്ക് സ്പീഡ് എല്‍ടിഇക്ക് നല്‍കാവുന്ന പരിധിയില്‍ അല്ലാ എന്നതാണ് അതിനു കാരണം.

അവസാനം കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാകണം എല്‍ടിഇയെ 4ജി ആയി കണക്കാക്കാമെന്ന രീതിയില്‍ മാനദണ്ഡങ്ങള്‍ പുതുക്കപ്പെട്ടു. 5ജിയുടെ കാര്യം വരുമ്പോഴും ഇതുപോലെയുള്ള കളികളൊക്കെ നടക്കുന്നുണ്ടെങ്കിലും അതില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്.

ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 4ജിയുടെ സാങ്കേതികവിദ്യ എല്‍ടിഇ അഡ്വാന്‍സ്ഡ് ആണ് ഇതിനെ 4ജി+ എന്നും 4.5ജി എന്നുമൊക്കെ വിളിക്കാറുണ്ട്. അതുപോലെ നാലാം തലമുറയിലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യയാണ് എല്‍ടിഇ അഡ്വാന്‍സ്ഡ് പ്രോ.

ഇതിനെ 4.75 ജി, 4.9 ജി, പ്രീ5ജി എന്നൊക്കെ വിളിക്കാറുണ്ട്. എന്തൊക്കെ പേരിട്ട് വിളിച്ചാലും ഇതൊന്നും ഒരു 5ജി നെറ്റ് വര്‍ക്ക് ആകുന്നില്ല. സാങ്കേതിക വിദ്യകളിലെ പരിമിതികള്‍ കൊണ്ട് അത്ര എളുപ്പം 5ജി നെറ്റ് വര്‍ക്കുകള്‍ വിഭാവനം ചെയ്ത മാനദണ്ഡങ്ങള്‍ പ്രകാരം നടപ്പിലാക്കുക എളുപ്പമല്ലെന്നറിയാവുന്ന മൊബൈല്‍ സേവനദാതാക്കള്‍ വിപണിയിലെ 5ജി ജ്വരം മുതലെടുക്കാനായി പല തരം അടവുകളും പയറ്റി നോക്കുന്നു.





3.75ജി സാങ്കേതിക വിദ്യകളെ 4ജി ആക്കി വിപണനം ചെയ്തതുപോലെ 4.75 ജി ആയ എല്‍ടിഇ അഡ്വാന്‍സ്ഡ് പ്രോ നെറ്റ്വര്‍ക്കുകളെ എടി ആന്‍ഡ് ടി നെറ്റ് വര്‍ക്ക് 5ജി എലവൂഷന്‍ എന്ന പേരില്‍ പേരിട്ട് വിളിച്ച് മൊബൈലിലെ നെറ്റ് വര്‍ക്ക് ഇന്‍ഡിക്കേറ്ററില്‍ 5ജി എന്ന് വലുതായും അതിനോട് ചേര്‍ന്ന് ചെറിയ ഒരു 'ഇ' യും ചേര്‍ത്ത് 5ജിഇ എന്നു കാണിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് നല്‍കി. 5ജി യും 5ജി എലവൂഷനും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക തന്നെ ആയിരുന്നു ഇതിന്റെ ഉദ്ദേശം എന്നതിനാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

4ജിയേക്കാള്‍ നൂറു മടങ്ങെങ്കിലും വേഗം, ചുരുങ്ങിയ സ്ഥലത്ത് ലക്ഷക്കണക്കിനു ഉപകരണങ്ങള്‍, ഒരു മില്ലി സെക്കന്റിലും കുറവായ ലാറ്റന്‍സി, മൊബൈല്‍ ഉപകരണങ്ങളുടെ ഉന്നത ഊര്‍ജ്ജ ക്ഷമത, കൂടൂതല്‍ മെച്ചപ്പെട്ട സ്പെക്ട്രം ഉപഭോഗം തുടങ്ങിയ സമഗ്ര മാറ്റങ്ങളോടെ എങ്ങനെ ആയിരിക്കും 5ജി ലോകം കീഴടക്കാന്‍ പോകുന്നത്? അമേരിക്കയില്‍ 5ജി വന്നു, ജപ്പാനില്‍ 5ജി വന്നു, ഗള്‍ഫ് രാജ്യങ്ങളില്‍ വന്നു, ചൈനയില്‍ 6ജിയും 7ജിയും വരാന്‍ പോകുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ഏതോ ശിലായുഗത്താണോ ജീവിക്കുന്നത് എന്നൊരു തോന്നല്‍ സ്വാഭാവികമായും ഉണ്ടായേക്കാം. അത്രയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.

5ജി ഉപഭോക്താക്കളിലേക്ക് അതിന്റേതായ അര്‍ത്ഥത്തില്‍ എത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എന്നല്ല ലോകത്തെ അതിവികസിത രാജ്യങ്ങളില്‍ പോലും വലിയ കടമ്പകള്‍ ആണ് കടക്കാനുള്ളത്.

5ജിയും സാങ്കേതികവിദ്യയും

മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയ കാലത്ത് ഓരോ രാജ്യങ്ങളിലും അവരവരുടേതായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആയിരുന്നു നെറ്റ് വര്‍ക്കുകള്‍ സ്ഥാപിച്ചിരുന്നത് എന്നതിനാല്‍ ആഗോളതലത്തില്‍ ഇത് പിന്നീട് പല പ്രശ്നങ്ങളും നേരിട്ടു.

രണ്ടാം തലമുറയും കഴിഞ്ഞ് മൂന്നാം തലമുറ വിഭാവനം ചെയ്യപ്പെട്ടപ്പോഴാണ് ലോകത്ത് എല്ലായിടത്തും ഏകദേശം ഒരേ തരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയും വിധം പരസ്പരം ഒത്തൊരുമിച്ച് ചില പൊതു മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമായ ആവശ്യകതയെക്കുറിച്ച് സാങ്കേതിക ലോകം ചിന്തിച്ചു തുടങ്ങിയത്.

അങ്ങനെയാണ് ഇന്റര്‍നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍ യൂണിയന്‍ ഐഎംടി 2000 എന്ന പേരില്‍ 3ജി നെറ്റ് വര്‍ക്കുകള്‍ക്കായി പൊതു മാനദണ്ഡങ്ങളും അവ നടപ്പിലാക്കാന്‍ വര്‍ക്ക് ഗ്രൂപ്പുകളുമൊക്കെ തുടങ്ങിയത്. 3ജിയുടെ കാര്യത്തിലും പൊതുവേ അമേരിക്കയും ദക്ഷിണകൊറിയയുമൊക്കെ ചേര്‍ന്ന ചില രാജ്യങ്ങളില്‍ ഒരു സാങ്കേതികവിദ്യയും ജിഎസ്എം ഉപയോഗിക്കുന്ന യൂറോപ്യന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മറ്റൊരു സാങ്കേതിക വിദ്യയുമാണ് വളര്‍ന്നുവന്നത്.



നാലാം തലമുറയായ 4ജിയില്‍ എത്തിയതോടെ ഈ അകല്‍ച്ചയും ഇല്ലാതെ ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്‍ടിഇ പൊതു സാങ്കേതികവിദ്യയായി സ്വീകരിക്കപ്പെട്ടു. ഇപ്പോള്‍ 5ജിയും അതേ പാതയില്‍ തന്നെയാണ്.

ഇലക്ടോണിക് ഉപകരണങ്ങളുടെ നിര്‍മാതാക്കളൂം മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനികളുമൊക്കെ ചേര്‍ന്നുള്ള 3 ജിപിപി എന്ന ഇന്റര്‍നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍ യൂണിയന്റെ വര്‍ക്ക് ഗ്രൂപ്പാണ് ഏതെല്ലാം സാങ്കേതികവിദ്യകള്‍ എങ്ങനെയെല്ലാം പൊതു മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കണം എന്ന് തീരുമാനമെടുക്കുന്നത്. 5ജി മാനദണ്ഡങ്ങള്‍ ഐഎംടി2020 എന്ന പേരിലാണ് അറിയപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ ബിസിനസുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണുകളും മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങളും എന്നതിനാല്‍ ഉപഭോക്താക്കളെക്കൊണ്ട് പുതിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിപ്പിക്കുക എന്ന ശ്രമകരമായ ജോലി ചെറിയ ചെറിയ ഫീച്ചറുകള്‍ ചേര്‍ത്തതുകൊണ്ട് മാത്രം ആകുന്നില്ല.

അതിനാല്‍ എത്രയും പെട്ടന്ന് 5ജി നെറ്റ് വ നിലവില്‍ വരുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് ഫീല്‍ഡില്‍ ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

4ജി മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ആണെങ്കില്‍ 5ജിയെ എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് (ഇഎംഎംബി) എന്നാണ് വിളിക്കുന്നത്. 4ജിയില്‍ യന്ത്രങ്ങള്‍ യന്ത്രങ്ങളുമായി നേരിട്ട് നടത്തുന്ന ആശയവിനിമയം (മെീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍-എംടിസി) ഉണ്ടായിരുന്നു എങ്കിലും അത് പരിമിതമായിരുന്നു.

മെഷീന്‍ ടു മെഷീന്‍ (എം2എം) കമ്യൂണിക്കേഷന്‍ പരിമിതമായ തോതില്‍ ഉണ്ടായിരുന്നു എങ്കില്‍ 5ജിയില്‍ വളരെ കൂടുതല്‍ ആയിരിക്കുകയും, ഓരോ കൊച്ചുകൊച്ച് മെഷീനുകള്‍ക്കും സ്വന്തമായി ഒരു വിലാസം ഉണ്ടാവുകയും അവ പരസ്പരം മനുഷ്യ ഇടപെടലില്ലാതെ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇതിനെ മാസീവ് എംടിസി (എംഎംടിസി) എന്നു വിളിക്കാം. അടുത്തത് അള്‍ട്രാ റിലയബിള്‍ ലോ ലാറ്റന്‍സി കമ്യൂണിക്കേഷന്‍, (യുആര്‍-എല്‍-എല്‍സി).

ഈ പറഞ്ഞതൊക്കെ അതിന്റെ പൂര്‍ണ അര്‍ത്ഥത്തിലോ അതിനടുത്തോ ഒക്കെ എത്താന്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്കും ഒരു ബാക് എന്‍ഡ് നെറ്റ്വര്‍ക്ക് കൂടി ഉണ്ട്. അതായത് മൊബൈല്‍ ടവറുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു നെറ്റ് വര്‍ക്ക്. ഈ നെറ്റ് വര്‍ക്ക് രണ്ടു തരത്തിലാണുള്ളത്.

ഒന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചുകൊണ്ടുള്ളത്, രണ്ട് മൈക്രോ വേവ് ലിങ്കുകള്‍ ഉപയോഗിച്ചുള്ളത്. ഇതില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ബാക് ഹോള്‍ നെറ്റ് വര്‍ക്കുകളാണ് ഏറ്റവും കാര്യക്ഷമം എങ്കിലും ഉയര്‍ന്ന ചെലവു കാരണവും എല്ലായിടത്തും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിക്കുന്നതിലെ പ്രായോഗിക വിഷമതകള്‍ കാരണവും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും മൈക്രോ വേവ് ലിങ്കുകളാണ് കൂടൂതലായും സെക്കന്ററി ബാക് ഹോള്‍ നെറ്റ്വര്‍ക്ക് ആയി ഉപയോഗിക്കുന്നത്.

3ജിയില്‍ നിന്നും 4ജിയിലേക്ക് മാറിയപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കൊന്നും അവരുടെ ബാക്ഹാള്‍ നെറ്റ്വര്‍ക്കുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നില്ല. എന്നാല്‍ 5ജിയുടെ കാര്യത്തില്‍ അത് നടക്കില്ല. ബാക് എന്‍ഡ് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്കുകളും മൈക്രോ വേവ് ലിങ്കുകളുമെല്ലാം പുതുക്കേണ്ടതായി വരും. ഇത് വളരെ വളരെ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്നതും സമയമെടുക്കുന്നതും ആയതിനാല്‍ ഉടന്‍ തന്നെ 5ജി അതിന്റെ വിഭാവനം ചെയ്യപ്പെട്ട തലത്തിലേക്ക് എത്തിച്ചേരണമെന്നില്ല.


(തുടരും)