image

2 April 2025 2:56 PM IST

Telecom

ബിഎസ്എന്‍എല്ലിന്റെ അനാസ്ഥ; സര്‍ക്കാരിന് നഷ്ടം 1,757 കോടി

MyFin Desk

jio was not billed, government loses rs 1,757 crore
X

Summary

  • റിലയന്‍സ് ജിയോയ്ക്ക് യഥാസമയം ബില്‍ നല്‍കിയില്ല
  • ബിഎസ്എന്‍എല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് ജിയോ നല്‍കേണ്ട തുകയ്ക്കാണ് ബില്‍ സമയത്ത് നല്‍കാതിരുന്നത്


റിലയന്‍സ് ജിയോയ്ക്ക് യഥാസമയം ബില്‍ നല്‍കാത്തതില്‍ സര്‍ക്കാരിന് നഷ്ടം 1,757 കോടിയിലധികം രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്‍ അധികൃതരുടെ അനാസ്ഥയാണോ അതോ ഒത്തുകളിയാണോ ഇതിന് കാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

ബിഎസ്എന്‍എല്ലിന്റെ നിഷ്‌ക്രിയ ആസ്തികള്‍ വിവിധ ടെലികോം കമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കാറുണ്ട്. ഇത്തരത്തില്‍ ബിഎസ്എന്‍എല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് ജിയോ നല്‍കേണ്ട തുകയ്ക്കായി കരാര്‍ പ്രകാരമുള്ള ബില്‍ നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ പരാജയപ്പെട്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. ഇത് രാജ്യത്തിന് 1,757.56 കോടി രൂപയുടെ നഷ്ടം വരുത്തി.

പാസീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ് കരാര്‍ പ്രകാരം 2014 മെയ് മുതല്‍ 10 വര്‍ഷത്തേക്ക് അധിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ ബില്‍ ജിയോയ്ക്ക് നല്‍കിയില്ലയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടില്‍ ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം വന്നിട്ടില്ല. ഇതിന് പുറമേ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സിന് നല്‍കിയ വരുമാന വിഹിതത്തില്‍ നിന്ന് ലൈസന്‍സ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിലും ബിഎസ്എന്‍എല്‍ പരാജയപ്പെട്ടതിനാല്‍ 38.36 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ടായിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.