5 Dec 2024 12:04 PM GMT
Summary
- ഗ്രാമ പ്രദേശങ്ങളിലുള്ള ടവറുകള്‍ 4ജി ആക്കാനുള്ള അതിവേഗപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു
- ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നേതൃത്വത്തിലാണ് നവീകരണം
രാജ്യത്ത് ഡിജിറ്റല്‍ സേവനങ്ങളില്‍ പിന്നിലുള്ള ഗ്രാമങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍. ഇതിന്റെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലുള്ള 2ജി/3ജി ടവറുകള്‍ 4ജി ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നേതൃത്വത്തിലാണ് നവീകരണം. ഇതിന്റെ ഭാഗമായി കേരളത്തിലും ഇതിനകം നിരവധി 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പുതിയതായി ആരംഭിച്ചു. 4ജി വ്യാപനത്തോടൊപ്പം ഡിജിറ്റല്‍ സേവനങ്ങളില്‍ പിന്നിലുള്ള ഗ്രാമങ്ങളുടെ നവീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ള നിരവധി ഗ്രാമങ്ങളില്‍ ഇതിനകം ബിഎസ്എന്‍എല്‍ 4ജി എത്തിച്ചു.
ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ 4ജി വ്യാപനം ദ്രൂതഗതിയില്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ 949 ഗ്രാമങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി. ഇവിടെ 2910 ബിഎസ്എന്‍എല്‍ 2ജി/3ജി ടവറുകള്‍ 4ജി ലേക്ക് നവീകരിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്.
ഇത് കൂടാതെ, ഭാരത്‌നെറ്റ് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തുടനീളം 4ജി വ്യാപനം നടത്തുകയും ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 5ജി അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നു.