7 March 2025 4:07 PM IST
Summary
- 5ജി വ്യാപനം അതിവേഗമാക്കുമെന്ന് ബിഎസ്എന്‍എല്‍
- 4ജിയുടെ വ്യാപനം നടത്തുന്നത് തദ്ദേശീയമായ ഉപകരണങ്ങളാലാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു
- 5ജിയുടെ കാര്യത്തില്‍ ഈ വ്യവസ്ഥ നിലവിലില്ലെന്നാണ് സൂചന
5ജി വ്യാപനം കൂടുതല്‍ വേഗത്തിലാക്കാന്‍ വിദേശ വെണ്ടര്‍മാരില്‍ നിന്ന് ഡിവൈസുകള്‍ വാങ്ങാന്‍ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍. 4ജിയുടെ കാര്യത്തില്‍ നേരിട്ട കാലതാമസ പ്രതിസന്ധി 5ജി വിന്യാസത്തില്‍ ഒഴിവാക്കാനാണ് തീരുമാനം.
മറ്റ് സ്വകാര്യ നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഏറെ വൈകി 2023ല്‍ മാത്രമാണ് ബിഎസ്എന്‍എല്ലിന് 4ജി സേവനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് കടക്കാനായത്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഡിവൈസുകളും ഉപയോഗിച്ച് മാത്രമേ രാജ്യത്ത് 4ജി വ്യാപനം നടത്താവൂ എന്നതായിരുന്നു അന്ന് ബിഎസ്എന്‍എല്ലിന് മുന്നില്‍ കേന്ദ്രം വച്ച ഒരു ഉപാധി. ഇത് രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ 4ജി സേവനങ്ങള്‍ വീണ്ടും വൈകുന്നതിന് കാരണമായി.
തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കാനും അത് പരീക്ഷിച്ച് ഫലം ഉറപ്പിക്കാനും ഏറെ സമയമെടുത്തു. പരീക്ഷണങ്ങള്‍ക്കെല്ലാമൊടുവില്‍ ആരംഭിച്ച ബിഎസ്എന്‍എല്‍ 4ജി വ്യാപനം ഇപ്പോള്‍ അന്തമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 4ജിയുടെ കാര്യത്തില്‍ ഉണ്ടായ കാലതാമസം 5ജി ടെക്നോളജിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍, 4ജി വ്യാപനത്തിന് സമാന്തരമായി തന്നെ 5ജി ടെക്നോളജി വികസനവും നടന്നു.
4ജിയുടെ കാര്യത്തില്‍ കാണിച്ച 'തദ്ദേശീയ' കടുംപിടുത്തം 5ജിയുടെ കാര്യത്തില്‍ കേന്ദ്രം കാണിക്കില്ല എന്നാണ് ബിഎസ്എന്‍എല്ലിന്റെ പ്രതീക്ഷ. 5ജിയ്ക്കുള്ള 2 ബില്യണ്‍ ഡോളറിന്റെ നെറ്റ് വര്‍ക്ക് ഗിയര്‍ ഓര്‍ഡറില്‍ വിദേശ വെണ്ടര്‍മാരെ ഉള്‍പ്പെടുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെറ്റ് വര്‍ക്ക് ഗിയര്‍ ഓര്‍ഡറിന്റെ ഏകദേശം 50% വിദേശ വെണ്ടര്‍മാര്‍ക്കായി നീക്കിവയ്ക്കാം, ബാക്കി 50% ഇന്ത്യന്‍ വെണ്ടര്‍മാര്‍ക്കായിരിക്കും എന്നാണ് സൂചന.ഇത് നടന്നാല്‍ 5ജി വ്യാപനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍.
വിദേശ വെണ്ടര്‍മാരില്‍ നിന്ന് 5ജി ഡിവൈസുകള്‍ വാങ്ങാന്‍ ബിഎസ്എന്‍എല്ലിന് അനുമതി ലഭിച്ചാല്‍ അത് ഗുണം ചെയ്യുക നോക്കിയ, എറിക്‌സണ്‍ പോലുള്ള വെണ്ടര്‍മാര്‍ക്കാണ്. ചൈനീസ് വെണ്ടര്‍മാരെ നെറ്റ് വര്‍ക്കുകളില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ 5ജി ഡിവൈസുകളുടെ വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ഇതിനകം തന്നെ ഈ കമ്പനികളുടെ പക്കലാണ്. നിലവില്‍ ജിയോയു ടെയും എയര്‍ടെല്ലിന്റെയും 5ജി വ്യാപനം അന്തിമഘട്ടത്തിലാണ്.