21 Nov 2023 9:57 AM GMT
Summary
- സ്പെക്ട്രം വാങ്ങിയതിൽ കമ്പനിക്കു 12,000 കോടി രൂപയുടെ കടമുണ്ട്
സുനിൽ ഭാരതി മിത്തലിൻ്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ ഏകദേശം നൂറുകോടി ഡോളർ ( 8330 കോടി രൂപ) വിപണിയിൽ നിന്ന് സമാഹരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്. 2015 ൽ വാങ്ങിയ സ്പെക്ട്രത്തിൻ്റെ കുടിശ്ശിക അടക്കുന്നതിനായിട്ടാണ് ഫണ്ട് സമാഹരിക്കുന്നത്. ബോണ്ടുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ആയിരിക്കും ഈ പണം സമാഹരിക്കുന്നതെന്നാണ് വിപണി നൽകുന്ന സൂചന.
റിപ്പോർട് അനുസരിച്ച്, എയർടെൽ ഈ മാസം അവസാനത്തോടെ ധനസമാഹരണ രീതിയും വിലനിർണ്ണയവും ചർച്ച ചെയ്യാനായി ബാർക്ലേയ്‌സ്, സിറ്റി തുടങ്ങിയ മുൻനിര ആഗോള ബാങ്കുകളുമായി കൂടിക്കാഴ്ച നടത്തും.
സ്‌പെക്‌ട്രം വാങ്ങിയതിൽ കമ്പനിക്കു 12,000 കോടി രൂപയുടെ കടമുണ്ട്. ഇത് തീർക്കുന്നതിനായി എങ്ങനെ ഫണ്ട് കണ്ടെത്താ൦ എന്ന കാര്യമായ ആലോചനയിലാണ് കമ്പനി.
റീഫിനാൻസിങ് വഴി (ഒരു കട ബാധ്യതയെ മറ്റൊരു കട ബാധ്യതയുമായി മാറ്റുക) കമ്പനിയുടെ വാർഷിക പലിശ ചെലവുകൾ ലാഭിക്കാനും അതുവഴി ബാലൻസ് ഷീറ്റിനെ ബലപ്പെടുത്താനുമാണ് കമ്പനി ആലോചിക്കുന്നത് . 5 ജി നെറ്റ്‌വർക്ക് വിപുലീകരണത്തിലൂടെ പണമൊഴുക്ക് വർധിപ്പിക്കാൻ കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
2015 ലെ സ്‌പെക്‌ട്രം ലേല കുടിശ്ശികയിൽ ചിലത് മുൻകൂറായി അടയ്ക്കുന്നതിനായി അവകാശ ഇഷ്യൂ (റൈറ്റ് ഇഷ്യൂ) വരുമാനത്തിൻ്റെ ഒരു ഭാഗം ഉപയോഗിക്കാനുള്ള ഓപ്ഷനും എയർടെൽ പരിഗണിച്ചേക്കാം.
കമ്പനി 29,130.2 കോടി രൂപയ്ക്ക് 111.6 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങിയിരുന്നു. അതിൽ 7,832.6 കോടി രൂപ മുൻകൂറായി നൽകുകയും പിന്നീട് 2022 മാർച്ചിൽ 8,815 കോടി രൂപയും 2023 ജൂലൈയിൽ 8,025 കോടി രൂപയും നൽകുകയും ചെയ്തു.