29 Dec 2022 11:08 AM IST
5ജിയില്‍ പ്രീമിയം നിരക്ക് ഏര്‍പ്പെടുത്തില്ല, മൂലധനച്ചെലവ് 28,000 കോടിയാക്കുമെന്നും എയര്‍ടെല്‍
MyFin Desk
Summary
- റേഡിയോ (മൊബൈല്‍ ആന്റീന), ഫൈബര്‍, ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് ടെക്‌നോളജി, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കായിട്ടാണ് ഏറ്റവുമധികം തുക ചെലവഴിക്കുകയെന്നും അറിയിപ്പിലുണ്ട്.
ഡെല്‍ഹി: 5ജി വിന്യസിക്കുന്നതിനുള്ള മൂലധന ചെലവ് ഉയര്‍ത്തുമെങ്കിലും 5ജി താരിഫുകള്‍ക്ക് പ്രീമിയം നിരക്ക് ഈടാക്കില്ലെന്ന് ഭാര്‍തി എയര്‍ടെല്‍ അധികൃതര്‍. 5ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 28,000 കോടി നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇത്രയധികം തുക മുടക്കുന്നുണ്ടെങ്കിലും അത് താരിഫില്‍ പ്രതിഫലിക്കില്ലെന്നും മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട നീക്കമാണ് നിരക്കുയര്‍ത്തലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
5ജിയ്ക്കായുള്ള മൂലധന ചെലവ് പ്രതിവര്‍ഷം 25,000 കോടിയായി നിലനിര്‍ത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. റേഡിയോ (മൊബൈല്‍ ആന്റീന), ഫൈബര്‍, ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് ടെക്‌നോളജി, ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്കായിട്ടാണ് ഏറ്റവുമധികം തുക ചെലവഴിക്കുകയെന്നും അറിയിപ്പിലുണ്ട്.
കേന്ദ്ര ടെലികോം മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ നവംബര്‍ 26 വരെ 3,293 ബേസ് സ്റ്റേഷനുകളാണ് ഭാര്‍തി എയര്‍ടെല്‍ സജ്ജീകരിച്ചത്. അടുത്തിടെ 4ജിയുടെ ഉള്‍പ്പടെ ഏതാനും താരിഫുകള്‍ എയര്‍ടെല്‍ ഉയര്‍ത്തിയിരുന്നു.
ക്ലൗഡ് സേവനങ്ങള്‍, സൈബര്‍ സുരക്ഷ, കമ്മ്യൂണിക്കേഷന്‍സ് സേവനം തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരതി എയര്‍ടെല്‍. ഇവയില്‍ നിന്നെല്ലാമായി 50,000 കോടി രൂപയുടെ വിപണി കയ്യടക്കുകയാണ് ലക്ഷ്യം.
എയര്‍ടെല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ 5ജി സേവനം വ്യാപിപ്പിക്കുന്നത് ശക്തമാക്കുമ്പോള്‍ അവയെല്ലാമായി കിടപിടിക്കുന്ന ഓഫറുകളും സാങ്കേതികവിദ്യയും ഇറക്കാനുള്ള ശ്രമത്തിലാണ് ജിയോ. ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഇതുവരെയുള്ളതിലെ അതിവേഗ ഡൗണ്‍ലോഡ് സ്പീഡ് റിലയന്‍സ് ജിയോ കാഴ്ച്ചവെച്ചുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
പ്രമുഖ ടെലികോം ന്യൂസ് പോര്‍ട്ടലായ ടെലി ടോക്ക് പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ കമ്പനി നടത്തിയ 5ജി ബീറ്റാ ട്രയിലില്‍ 600 എംബിപിഎസ് ഡൗണ്‍ലോഡിംഗ് സ്പീഡാണ് രേഖപ്പെടുത്തിയത്.
നിലവിലെ 4ജി ഡൗണ്‍ലോഡിംഗ് സ്പീഡിലും ജിയോ തന്നെയാണ് മുന്നില്‍. ഇത് ശരാശരി 21-22 എംബിപിഎസ് സ്പീഡ് വരെയാണ് വരിക. 4ജിയുമായി താരതമ്യം ചെയ്ത് നോക്കിയാല്‍ 25 ഇരട്ടിയിലേറെ വേഗതയാണ് 5ജി കാഴ്ച്ചവെച്ചിരിക്കുന്നത്. ആഗോള നെറ്റ് വര്‍ക്ക് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ഓക്ലയാണ് 5ജി സ്പീഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്.
വളരെ കുറച്ച് യൂസേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് 5ജി ബീറ്റാ ട്രയല്‍ നടത്തിയതെങ്കിലും 5ജി സേവനം വ്യാപിപ്പിച്ചാലും ഡൗണ്‍ലോഡ് സ്പീഡ് 500 എംബിപിഎസില്‍ താഴേയ്ക്ക് പോകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡെല്‍ഹിയ്ക്ക് പുറമേ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സ്പീഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊല്‍ക്കത്തയില്‍ 482.02 എംബിപിഎസ്, മുംബൈയില്‍ 515.38 എംബിപിഎസ്, വാരണാസിയില്‍ 485.22 എംബിപിഎസ് എന്നിങ്ങനെ 5ജി ഡൗണ്‍ലോഡ് സ്പീഡ് ജിയോ രേഖപ്പെടുത്തി.