16 May 2023 3:05 PM GMT
Summary
- ടെലികോം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 36,009 കോടി രൂപയായി
- ഒരു ഓഹരിക്ക് 4 രൂപ അന്തിമ ഡിവിഡന്റ് നല്‍കും
- 5ജി ശൃംഖല വിപുലീകരിക്കുന്നത് തുടരുന്നു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 50 ശതമാനം വര്‍ധിച്ച് 3,006 കോടി രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 2008 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി, ടെലികോം കമ്പനിയുടെ അറ്റാദായത്തില്‍ 89 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 36,009 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 31,500 കോടിയില്‍ നിന്ന് 14 ശതമാനമാണ് വര്‍ധന.
ഇത് മുമ്പ് കണക്കാക്കിയ 36,744 കോടി രൂപയില്‍ താഴെയാണ്. ഒരു ഓഹരിക്ക് 4 രൂപ അന്തിമ ഡിവിഡന്റ് നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തുടര്‍ച്ചയായി വരുമാനം ഒരു ശതമാനം വര്‍ധിച്ചതായി ഭാരതി എയര്‍ടെല്‍ എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു.
ബിസിനസ് സെഗ്മെന്റുകളിലുടനീളമുള്ള ശക്തവും സ്ഥിരവുമായ പ്രകടനമാണ് മാര്‍ച്ച് പാദത്തിലെ വരുമാന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് കമ്പനി പറഞ്ഞു.
ഇന്ത്യന്‍ ബിസിനസ് ത്രൈമാസ വരുമാനത്തില്‍ 12ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 25,250 കോടി രൂപയായി. മൊബൈല്‍ സേവനങ്ങളുടെ ഇന്ത്യയുടെ വരുമാനം വര്‍ഷം തോറും 11.5ശതമാനം വര്‍ദ്ധിച്ചു.
ഡാറ്റയ്ക്കും കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട സൊല്യൂഷനുകള്‍ക്കും ഉയര്‍ന്നുവരുന്ന കഴിവുകള്‍ക്കുമുള്ള ഡിമാന്‍ഡിന്റെ പിന്തുണയോടെ എയര്‍ടെല്‍ ബിസിനസ് വരുമാനം വര്‍ഷം തോറും 15ശതമാനമാണ് വര്‍ധിപ്പിച്ചത്.
കമ്പനി പ്രതിവര്‍ഷം 23.3 ദശലക്ഷം പുതിയ 4ജി ഉപഭോക്താക്കളെ നേടുകയും തുടര്‍ച്ചയായി 7.4 ദശലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മൊബൈല്‍ ഉപയോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 178 രൂപയില്‍ നിന്ന് 193 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
ഹോംസ് ബിസിനസ്സ് 25ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഡിജിറ്റല്‍ ടിവി ബിസിനസ്സ് അതിന്റെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടര്‍ന്നു.
പലിശ, നികുതി, മൂല്യത്തകര്‍ച്ച എന്നിവയ്ക്ക് മുമ്പുള്ള വരുമാനമായി കണക്കാക്കിയ ഏകീകൃത പ്രവര്‍ത്തന ലാഭം ഏകദേശം 18ശതമാനം ഉയര്‍ന്ന് 18,807 കോടി രൂപയായിട്ടുണ്ട്. ശുഭാപ്തി വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനമാണ് കമ്പനിയെ ലാഭത്തിലേക്ക് നയിക്കുന്നത്.
കമ്പനി 5ജി ശൃംഖല വിപുലീകരിക്കുന്നത് തുടരുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ എല്ലാ പ്രധാന പട്ടണങ്ങളെയും പ്രധാന ഗ്രാമങ്ങളെയും ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി എംഡി ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
മെയ് 16 ന്, കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 1.44 ശതമാനം ഇടിഞ്ഞ് 785.60 രൂപയില്‍ ക്ലോസ് ചെയ്തു, ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 0.61 ശതമാനം താഴ്ന്ന് 18,286.50 പോയിന്റില്‍ ക്ലോസ് ചെയ്തു.