25 Jan 2023 7:39 AM GMT
ഡെല്‍ഹി: ഭാരതി എയര്‍ടെല്‍ എട്ട് സര്‍ക്കിളുകളിലെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാന്‍ നിരക്ക് 57 ശതമാനം ഉയര്‍ത്തി. രാജ്യം മുഴുവന്‍ ഈ താരിഫ് നടപ്പാക്കുന്നതിന് മുന്നടിയാണ് ഇതെന്ന് കരുതപ്പെടുന്നു. കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, നോര്‍ത്ത് ഈസ്റ്റ്, ഹിമാചല്‍പ്രദേശ് എന്നീ സര്‍ക്കിളുകളിലെ റീച്ചാര്‍ജ് പ്ലാനാണ് 99 രൂപയില്‍ നിന്നും 155 രൂപയായി ഇപ്പോള്‍
ഉയര്‍ത്തിയത്. കമ്പനി പുതിയ താരിഫ് നിരക്ക് ഹരിയാന, ഒഡീഷ എന്നിവിടങ്ങളില്‍ നവംബറില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ 99 രൂപയ്ക്ക് 200 എംബി ഡാറ്റയും, സെക്കന്റിന് 2.25 രൂപ നിരക്കില്‍ കോളും ലഭിച്ചിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് അണ്‍ലിമിറ്റഡ് കോള്‍, ഒരു ജിബി ഡാറ്റ, 300 എസ്എംസ് എന്നീ സേവനങ്ങളാണ് 28 ദിവസത്തേക്ക് ലഭിക്കുന്നത്.
155 രൂപയില്‍ താഴെയുള്ള എസ്എംഎസും ഡാറ്റയുമുള്ള 28 ദിവസ കാലാവധിയുള്ള എല്ലാ പ്ലാനുകളും കമ്പനി അവസാനിപ്പിച്ചേക്കും. അതായത്, പ്രതിമാസ പ്ലാനില്‍ എസ്എംഎസ് സേവനം ലഭിക്കുന്നതിന് പോലും, ഒരു ഉപഭോക്താവ് തന്റെ മൊബൈല്‍ ഫോണ്‍ അക്കൗണ്ട് 155 രൂപയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടതുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്.