18 Dec 2024 7:08 AM GMT
Summary
- കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ ജില്ലകളിലെ ആദ്യ സ്വകാര്യ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍
- ഈ ജില്ലകളിലായി 15 മൊബൈല്‍ ടവറുകള്‍ കമ്പനി സ്ഥാപിച്ചു
- സൈന്യവുമായി സഹകരിച്ചാണ് എയര്‍ടെല്‍ ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിച്ചത്
ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ ജില്ലകളില്‍ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യ സ്വകാര്യ ടെലികോം ഓപ്പറേറ്ററായി ഭാരതി എയര്‍ടെല്‍.
കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ ജില്ലകളിലായി 15 മൊബൈല്‍ ടവറുകളാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്്. ഇത് പ്രാദേശികികമായി പ്രയോജനം ചെയ്യുമെന്നും നിയന്ത്രണരേഖയിലെ സൈനികര്‍ക്ക് അവശ്യ കണക്ഷനുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
''വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയിലെ കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി കൊണ്ടുവരാന്‍ ഭാരതി എയര്‍ടെല്‍ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ചു,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് കീഴില്‍, കച്ചാല്‍, ബല്‍ബീര്‍, റസ്ദാന്‍ പാസ്, തയാ ടോപ്പ്, ഉസ്താദ്, കാത്തി, ചീമ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടാനാകും.
കുപ്വാര, ബാരാമുള്ള, ബന്ദിപൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കേരന്‍, മച്ചല്‍, താങ്ധര്‍, ഗുരേസ്, ഉറി താഴ്വര പ്രദേശങ്ങളിലാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന ഏക സ്വകാര്യ ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍, പ്രസ്താവനയില്‍ പറയുന്നു.
നെറ്റ്വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൈനിക താവളങ്ങളുടെ വിദൂര പ്രദേശങ്ങളില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും എയര്‍ടെല്‍ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ചിട്ടുണ്ട്.
അടുത്തിടെ, ഗാല്‍വാന്‍ നദി മേഖലയിലും ഇന്ത്യയുടെ വടക്കേയറ്റത്തെ സൈനിക ഔട്ട്പോസ്റ്റായി അംഗീകരിക്കപ്പെട്ട ദൗലത്ത് ബെഗ് ഓള്‍ഡിയിലും കമ്പനി വിജയകരമായി കണക്റ്റിവിറ്റി സ്ഥാപിച്ചു.
2025 ജൂണോടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ടെലികോം കണക്റ്റിവിറ്റി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്‍പുതന്നെ നിരവധി തവണ പ്രഖ്യാപിച്ചിരുന്നു.